റുവൈസ് ഏരിയ കെ.എം.സി.സി പഠന ക്യാമ്പ് 'ഇൻട്യൂഷൻ 2കെ22'
text_fieldsജിദ്ദ റുവൈസ് ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച പഠനക്യാമ്പിൽ എഴുത്തുകാരൻ പി.എ. റഷീദ് പ്രഭാഷണം നടത്തുന്നു
ജിദ്ദ: റുവൈസ് ഏരിയ കെ.എം.സി.സി പ്രവർത്തകർക്കായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. 'ഇൻട്യൂഷൻ 2കെ22' എന്ന പേരിൽ രണ്ട് സെഷനുകളായി സംഘടിപ്പിച്ച പരിപാടി വൈവിധ്യമാർന്ന ക്ലാസുകൾ കൊണ്ടും നാട്ടിൽനിന്നെത്തിയ മുസ്ലിംലീഗ് നേതാക്കളുടെ സാന്നിധ്യം കൊണ്ടും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.
അറിവും ആത്മവിശ്വാസവും പുതിയ പ്രതീക്ഷകളും പകർന്നു നൽകിയ ക്യാമ്പ് പ്രവർത്തകർക്ക് പുത്തനുണർവ് സമ്മാനിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മുഹ്ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു. ചിന്തകനും എഴുത്തുകാരനും ഗ്രേസ് എജുക്കേഷനൽ അസോസിയേഷൻ ഭാരവാഹിയുമായ പി.എ റഷീദ് 'മുസ്ലിം രാഷ്ട്രീയം പിന്നിട്ട നാൾവഴികൾ, പ്രതീക്ഷയുടെ പുതുവഴികൾ' എന്ന വിഷയം അവതരിപ്പിച്ചു. ഇന്ത്യയിൽ രാഷ്ട്രീയ സംഘടിതശക്തി വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമുദായത്തിന്റെ അവകാശം നേടിയെടുക്കാനും അഭിമാനകരമായ അസ്തിത്വത്തിനും വേണ്ടി ഇന്ത്യാ വിഭജനത്തിനുശേഷം നേതാക്കൾ വളരെ ആലോചിച്ചുണ്ടാക്കിയതാണ് മുസ്ലിംലീഗ് പാർട്ടി.
ജിദ്ദ റുവൈസ് ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച പഠനക്യാമ്പ്
സമുദായത്തിന്റെ പുരോഗതി, രാജ്യത്തിന്റെ പുരോഗതി എന്ന സങ്കൽപത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ്ലിംലീഗ്. പഴയകാല പാർട്ടി നേതാക്കൾ അണികളിൽ അഭിമാനബോധം ഉണ്ടാക്കി. അവർ ഫ്ലക്സിലല്ല, ജന മനസ്സുകളിലാണ് സ്ഥാനം നേടിയത്. മുസ്ലിം സമുദായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാഭ്യാസം അനിവാര്യമാണ്. ജീവകാരുണ്യ പ്രവർത്തനം നടത്തി ചരിത്രം സൃഷ്ടിച്ച കെ.എം.സി.സി പ്രവർത്തകർ ഭാവി തലമുറയുടെ വിദ്യാഭ്യാസത്തിനും ഒപ്പം പാർട്ടിയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നത്തിന് ഉതകുന്ന സാഹിത്യ പ്രവർത്തനങ്ങളിലും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, സെക്രട്ടറി നാസർ മച്ചിങ്ങൽ, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, മജീദ് ഷോർണ്ണൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഹൈദർ ദാരിമി പ്രാർഥന നടത്തി. റുവൈസ് ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി സ്വാഗതവും ട്രഷറർ മുസ്തഫ ആനക്കയം നന്ദിയും പറഞ്ഞു.
രണ്ടാം സെഷൻ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. റുവൈസ് ഏരിയ വൈസ് പ്രസിഡന്റ് കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. 'പ്രവാസ പ്രതിസന്ധിയും സാമ്പത്തിക അച്ചടക്കവും' എന്ന വിഷയം നസീർ വാവക്കുഞ്ഞ് ആലപ്പുഴ അവതരിപ്പിച്ചു.
കേരളത്തെ ഏറ്റവും സക്രിയമാക്കിയത് പ്രവാസികളാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികൾ പുതിയ തൊഴിലും സാങ്കേതിക വിദ്യകളും നേടി നിലവിലെ തൊഴിൽ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വീടുനിർമാണം പോലുള്ള കാര്യങ്ങളിൽ ചെലവുചുരുക്കാനും വിദ്യാഭ്യാസം, ചികിത്സ എന്നിവക്ക് സർക്കാർ സ്ഥാപനങ്ങളെ ആശ്രയിക്കാനും തയാറായാൽ പ്രവാസികളുടെ സാമ്പത്തിക പ്രതിസന്ധി മറി കടക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.
'നോർക്ക, പ്രവാസി ക്ഷേമനിധി' എന്നിവയെക്കുറിച്ച് അബ്ദുൽ കരീം കൂട്ടിലങ്ങാടി ക്ലാസ് എടുത്തു. മുജീബ് വയനാട്, ഉമർ മലപ്പുറം എന്നിവർ ആശംസകൾ നേർന്നു. ഏരിയ വൈസ് പ്രസിഡന്റ് അൻവർ വണ്ടൂർ സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഫിറോസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു. പഠനക്യാമ്പിനോടനുബന്ധിച്ച് നടന്ന കൂപ്പൺ നറുക്കെടുപ്പിൽ ജാബിർ കപ്പൻ, ജി. സദ്ദാം, ആബിദ് കൈപ്പുറം എന്നിവർ ജേതാക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

