യാംബുവിൽ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് വിദ്യാർഥികളും
text_fieldsയാംബു ഖമാൽ താഴ്വരയിൽ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി വിദ്യാർഥികൾ രംഗത്തിറങ്ങിയപ്പോൾ
യാംബു: ചെങ്കടൽ തീരങ്ങളിൽ 'മാൻ ഗ്രോവ് ഫോറസ്റ്റ്' എന്നറിയപ്പെടുന്ന കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ വിദ്യാർഥികൾ രംഗത്ത്. ദേശീയ സ്കൗട്ട്സ് വിഭാഗത്തിെൻറയും യാംബു വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും സഹകരണത്തോടെയാണ് കണ്ടൽക്കാടുകളുടെ സംരക്ഷണ പ്രവർത്തനങ്ങളും പുതിയ കണ്ടൽച്ചെടികളുടെ നടീലും നടന്നത്.
യാംബുവിലെ സാദ് ബിൻ മുഈസ് സ്കൂളിലെ സ്കൗട്ട്സ് ടീം വിദ്യാർഥികളാണ് 250 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചത്. യാംബു ടൗണിൽ നിന്ന് 70 കിലോമീറ്റർ അകലെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന 'വാദി ഖമാൽ' എന്ന പ്രദേശത്താണ് കണ്ടൽക്കാടുകളുടെ വനം കൂടുതലുള്ളത്. നിരവധി സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശം യാംബു ഗവർണറേറ്റിലെ വന്യജീവി സംരക്ഷണ കേന്ദ്രംകൂടിയാണ്. കണ്ടൽക്കാടുകളുടെ കരുതൽ ശേഖരത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് പുതുതലമുറക്ക് അവബോധം നൽകാനും ആവശ്യമായ ബോധവത്കരണ പരിപാടികൾ നടപ്പാക്കാനും സ്കൗട്ട്സ് വിഭാഗത്തിെൻറ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ടെന്ന് യാംബു വിദ്യാഭ്യാസ വിഭാഗത്തിലെ സ്കൗട്ട്സ് കമീഷണർ മുവാഫഖ് അൽസൊഹ്രി പറഞ്ഞു. സമ്പൂർണ ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030െൻറ ഭാഗമായി പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിെൻറ ഭാഗമായാണ് പരിപാടികൾ നടന്നതെന്നും 'അരാംകോ' ഈ പദ്ധതിക്ക് ഏറെ സഹകരണം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിയിലെ ഏറ്റവും ജൈവ സമ്പന്ന ആവാസ വ്യവസ്ഥകളിൽ വളരെ പ്രധാനപ്പെട്ടതാണ് കണ്ടൽക്കാടുകൾ. തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിത വനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ് ഇവ. ഉപ്പു കലർന്ന വെള്ളത്തിൽ കൂടുതലായി വളരുന്ന ഇത്തരം ചെടികൾക്ക് വേറിട്ട പ്രത്യേകതകൾ ഉള്ളതായി പഠനങ്ങൾ പറയുന്നു. വലിയ തിരമാലകൾ ഇല്ലാത്തതിനാലാണ് ചെങ്കടൽ തീരങ്ങളിലെ പല ഭാഗത്തും കണ്ടൽച്ചെടികൾ സുലഭമായി വളരുന്നത്. കടലിൽനിന്ന് ഒഴുകിയെത്തുന്ന ഫലഭൂയിഷ്ഠമായ എക്കലും ധാതുലവണങ്ങളുമാണ് ഈ ചെടികളുടെ വളർച്ചക്ക് അടിസ്ഥാനം. കടലാക്രമണങ്ങളെയും മണ്ണൊലിപ്പിനെയും തടയാൻ കണ്ടൽക്കാടുകൾക്ക് കഴിവുണ്ട്. പ്രകൃതിദത്ത ആവാസ വ്യവസ്ഥ ഒരുക്കുന്നതിലൂടെ പക്ഷികൾക്കും മറ്റു ജീവികൾക്കും സ്വൈരമായി വിഹരിക്കാൻ കൂടി ഇവിടെ കഴിയുന്നു. കണ്ടൽക്കാടുകൾ ലോകത്തിെൻറ പല ഭാഗങ്ങളിലും വൻതോതിൽ നശീകരണം നേരിടുന്നുണ്ട്.
കൃഷിക്കുവേണ്ടിയും കെട്ടിടങ്ങൾ നിർമിക്കാനും ആണ് ഇവ പലയിടത്തും നശിപ്പിക്കുന്നത്. ജലമലിനീകരണംകൊണ്ടും ചിലയിടങ്ങളിൽ ഇവ നശിക്കുന്നുണ്ട്. തീരദേശത്തെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കണ്ടൽക്കാടുകൾക്ക് വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് പല രാജ്യങ്ങളിലും കണ്ടൽക്കാടുകളെ പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

