സൗദിയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ ജാഗ്രത നിർദേശം
text_fieldsയാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിെൻറ പടിഞ്ഞാറൻ മേഖലകളിൽ ആഗസ്റ്റ് എട്ട് വരെ പൊടിപടലങ്ങൾ നിറഞ്ഞ ശക്തമായ കാറ്റ് വീശിയടിച്ചേക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
മക്ക മേഖലയുടെ കിഴക്കൻ ഭാഗങ്ങൾ, മദീന, അൽ ബാഹ, അസീർ എന്നിവിടങ്ങളിലായിരിക്കും പൊടിക്കാറ്റ് കൂടുതൽ പ്രത്യാഘാതം സൃഷ്ടിക്കുക. ഇതിനുപുറമെ നജ്റാൻ മേഖലയിലും ജിദ്ദ മുതൽ ജിസാൻ വരെയുള്ള തീരദേശ പ്രദേശങ്ങളിലും പൊടിപടലങ്ങൾ നിറഞ്ഞ കാറ്റ് വ്യാപിക്കാൻ സാധ്യതയുണ്ട്.
പൊടിക്കാറ്റ് വീശിയടിക്കുന്ന പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കാറ്റിെൻറ സ്വാധീനം മൂലം ചെങ്കടലിൽ തിരമാലകൾ ആറ് അടി വരെ ഉയരാൻ ഇടയുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്തെ താപനിലയിലും വ്യതിയാനങ്ങൾ അനുഭവപ്പെടും.
കാലാവസ്ഥാ വ്യതിയാനങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിെൻറ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാണ്.
സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ നിർദേശങ്ങളും മുന്നറിയിപ്പുകളും രാജ്യത്തെ സ്വദേശികളും പ്രവാസികളും കൃത്യമായി പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
