ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് കർശന ശിക്ഷ -സൗദി ആഭ്യന്തര മന്ത്രാലയം
text_fieldsമക്ക: വരാനിരിക്കുന്ന ഹജ്ജ് സീസണിൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചടങ്ങുകൾ സുഗമമായി നടത്തുന്നതിനുമായി കർശനമായ ശിക്ഷാനടപടികൾ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക ഹജ്ജ് പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് പെർമിറ്റില്ലാതെ തീർത്ഥാടനത്തിന് മുതിരുന്നവർക്ക് 20,000 റിയാൽ വരെയാണ് പിഴ ചുമത്തുക. കൂടാതെ, വിവിധതരം വിസിറ്റ് വിസകളിൽ രാജ്യത്തെത്തിയവർക്ക് ദുൽഖഅദ് ഒന്ന് (ഏപ്രിൽ 18) മുതൽ ദുൽഹിജ്ജ 14 (മെയ് 31) വരെ മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിനും തങ്ങുന്നതിനും കർശന വിലക്കുണ്ട്.
നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കുന്നവർക്കെതിരെയും കടുത്ത നടപടികളാണ് മന്ത്രാലയം സ്വീകരിക്കുന്നത്. ഹജ്ജ് പെർമിറ്റില്ലാത്ത വ്യക്തികൾക്ക് വിസിറ്റ് വിസ സ്പോൺസർ ചെയ്യുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ലഭിക്കാം. എത്ര വ്യക്തികൾക്ക് വിസ നൽകി എന്നതിനനുസരിച്ച് പിഴ തുക വർദ്ധിക്കുന്നതാണ്. അതുപോലെ, പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്നവർക്കും അവർക്ക് ഹോട്ടലുകളോ അപ്പാർട്ട്മെന്റുകളോ ഉൾപ്പെടെയുള്ള താമസസൗകര്യങ്ങൾ ഒരുക്കുന്നവർക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. ഇത്തരം നിയമലംഘനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതിയിൽ ആവശ്യപ്പെടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്ന താമസക്കാരെയും (ഇഖാമ ഉടമകൾ) വിസ കാലാവധി കഴിഞ്ഞവരെയും ഉടനടി സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തും. ഇത്തരക്കാർക്ക് പത്ത് വർഷത്തേക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് നിരോധനവുമുണ്ടാകും.
ശിക്ഷാനടപടികൾ നേരിടുന്നവർക്ക് ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട കമ്മിറ്റിക്ക് പരാതി നൽകാവുന്നതാണ്. ഈ തീരുമാനത്തിൽ തൃപ്തരല്ലെങ്കിൽ 60 ദിവസത്തിനുള്ളിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകാനും അവസരമുണ്ട്. ഹജ്ജ് നിയമാവലികൾ പൂർണ്ണമായും പാലിക്കണമെന്ന് സ്വദേശികളോടും പ്രവാസികളോടും അഭ്യർത്ഥിച്ച മന്ത്രാലയം, നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക മേഖലയിലുള്ളവർ 911 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

