തീർഥാടകർക്ക് കർശന നിർദ്ദേശം; ജനക്കൂട്ട നിയന്ത്രണ പദ്ധതികൾ കൃത്യമായി പാലിക്കണം
text_fieldsമക്ക: പുണ്യസ്ഥലങ്ങൾക്കിടയിലുള്ള സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും ചടങ്ങുകൾ സുരക്ഷിതമായി പൂർത്തിയാക്കുന്നതിനുമായി, അംഗീകൃത ജനക്കൂട്ട നിയന്ത്രണ പദ്ധതികളും സമയക്രമങ്ങളും കർശനമായി പാലിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം തീർഥാടകരോട് ആവശ്യപ്പെട്ടു. തീർഥാടകരുടെ സുരക്ഷിതമായ യാത്രയും സൗകര്യവും വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് ഈ ക്രമീകരണം. വിവിധ റൂട്ടുകളിലെ തിരക്കും തീർഥാടകരുടെ പോക്കുവരവുകളും മുൻകൂട്ടി വിലയിരുത്തി, കൃത്യമായ പ്രവർത്തന മാതൃകകൾക്കനുസൃതമായാണ് ജനക്കൂട്ട നിയന്ത്രണ പദ്ധതികൾ തയ്യാറാക്കിയതെന്ന് മന്ത്രാലയം വിശദീകരിച്ചു. ഹജ്ജ് സീസണിെൻറ വിജയത്തിൽ നിശ്ചിത സമയക്രമങ്ങൾ പാലിക്കുന്നത് അങ്ങേയറ്റം നിർണായകമാണ്.
ഹജ്ജ് കമ്പനികളുടെ നിർദേശങ്ങളും ഗ്രൂപ്പ് യാത്രക്കുള്ള സമയക്രമങ്ങളും പാലിക്കാൻ തീർഥാടകർ ശ്രദ്ധിക്കണം. ഔദ്യോഗിക ചട്ടക്കൂടിന് പുറത്ത് വ്യക്തിഗതമായി നീങ്ങുന്നത് പൂർണമായി ഒഴിവാക്കേണ്ടതാണ്. ഇത് വിവിധ റൂട്ടുകളിലെയും കേന്ദ്രങ്ങളിലെയും സുഗമമായ സഞ്ചാരത്തെ നേരിട്ട് ബാധിച്ചേക്കാം. സംഘാടകരും ഫീൽഡ് ഗ്രൂപ്പ് നേതാക്കളും നൽകുന്ന നിർദേശങ്ങൾ കൃത്യമായി അനുസരിക്കുകയും, നിശ്ചിത സമയങ്ങളിൽ അസംബ്ലി പോയിന്റുകളിൽ ഹാജരാകുകയും ചെയ്യുന്നത് തീർഥാടകരുടെ യാത്ര സുരക്ഷിതമാക്കാൻ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജനക്കൂട്ട നിയന്ത്രണ പദ്ധതികളോടുള്ള സഹകരണം തീർഥാടകരുടെ അവബോധത്തെയും പ്രതിബദ്ധതയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് എല്ലാവർക്കും സുഗമമായ ഹജ്ജ് അനുഭവം സമ്മാനിക്കും. ജമ്രകളിലെ കല്ലെറിയൽ ചടങ്ങ്, മശാഇർ ട്രെയിൻ സർവീസ് എന്നിവയ്ക്കുള്ള ഷെഡ്യൂളുകൾ ക്രമീകരിക്കുന്നതിനായി ബന്ധപ്പെട്ട മറ്റ് അധികാരികളുമായി ചേർന്ന് വിപുലമായ ഭരണ-ഫീൽഡ് തയ്യാറെടുപ്പുകൾ മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള സംയോജിത പ്രവർത്തന പദ്ധതികളും തീർഥാടകരുടെ നീക്കങ്ങൾക്കായുള്ള പ്രത്യേക ടൈംടേബിളും ഇതിെൻറ ഭാഗമായി തയ്യാറാക്കിയിട്ടുണ്ടെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

