മക്ക, മദീന, ജിദ്ദ നഗരങ്ങളിലെ ഭക്ഷണശാലകളിൽ കർശന പരിശോധന
text_fieldsസൗദി ഫുഡ് ആൻഡ് അതോറിറ്റിയുടെ മദീനയിലെ ഫീൽഡ് പരിശോധന
ജിദ്ദ: ഈ വർഷത്തെ ഹജ്ജ്സീസണിൽ തീർഥാടകരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സൗദി ഫുഡ് ആൻഡ് അതോറിറ്റി മക്ക, മദീന, ജിദ്ദ നഗരങ്ങളിലെ ഭക്ഷ്യോൽപന്ന വിതരണ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഫാക്ടറികളിലുമെല്ലാം കർശന പരിശോധന നടത്തുന്നു.
പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. ആരോഗ്യകരമായ ഭക്ഷണം തീർഥാടകർക്ക് നൽകുക, മലിനീകരണവും ഭക്ഷണം പാഴാക്കുന്നതും തടയുക എന്നിവക്കുള്ള നടപടികളും ഊർജിതമാക്കി.
അതോറിറ്റിയുടെ പരിശോധനകൾ ഏകോപിപ്പിക്കാനും ഫീൽഡ് പരിശോധന ഫലങ്ങൾ വിലയിരുത്തുന്നതിനും അതോറിറ്റി പ്രത്യേക സമിതിയെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീർഥാടകർക്ക് ആരോഗ്യകരവും സുരക്ഷിതവുമായി ഹജ്ജ് നിർവഹണം സാധ്യമാക്കുന്നതിന് അതോറിറ്റിയുടെ നേതൃത്വം വിവിധ നഗരങ്ങളിലെ പരിശോധന സംഘങ്ങളുമായി ഓൺ-സൈറ്റ് മീറ്റിങ്ങുകൾ നടത്തി.
പരിശോധന നടത്തുന്ന ഓരോ ഇൻസ്പെക്ടറും വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും പ്രവർത്തന തന്ത്രങ്ങൾ അവലോകനം ചെയ്യുകയും സാധ്യതയുള്ള വെല്ലുവിളികളെ മുൻകൈയെടുത്ത് അഭിസംബോധന ചെയ്യുകയും ചെയ്തു.
വിവിധ ഭാഗങ്ങളിലുള്ള ടീമുകൾ സർവ സജ്ജരാണെന്നും ആവശ്യമായ നടപടികൾ എടുക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നവരാണെന്നും പ്രഫഷനലായും ഉത്സാഹത്തോടെയും അവരുടെ കടമകൾ നിർവഹിക്കാൻ പ്രാപ്തരാണെന്നും അതോറിറ്റി വ്യക്തമാക്കി.
ആരോഗ്യ, സാങ്കേതിക ചട്ടങ്ങളും ഭക്ഷ്യവിതരണത്തിൽ പാലിക്കേണ്ടുന്ന നിയമങ്ങളും പാലിക്കുന്നത് ഉറപ്പാക്കാൻ ഭക്ഷ്യ ഫാക്ടറികളുടെയും വിതരണ കേന്ദ്രങ്ങളുടെയും സമഗ്രമായ പരിശോധനകളും ഫീൽഡ് സന്ദർശനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അതോറിറ്റി വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

