ഉംറ തീർഥാടകർ ഏപ്രിൽ 18-നകം മടങ്ങിയില്ലെങ്കിൽ കർശന നടപടി
text_fieldsറിയാദ്: ഉംറ വിസയിലെത്തിയ തീർഥാടകർ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രിൽ 18 (ദുൽഖഅദ ഒന്ന്) ആണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഓർമപ്പെടുത്തി. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.
നിശ്ചിത സമയപരിധിക്കുള്ളിൽ മടക്കയാത്ര ഉറപ്പാക്കാത്ത തീർഥാടകർക്ക് പിഴ, തടവ്, നാടുകടത്തൽ എന്നിവയുൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരും. യാത്ര സുഗമമാക്കുന്നതിനായി വിമാനത്താവളങ്ങളിൽ പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും തീർഥാടകർ എത്തിച്ചേരണമെന്ന് മന്ത്രാലയം നിർദേശിച്ചു.
തങ്ങളുടെ യാത്രാ ഷെഡ്യൂളുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉംറ കമ്പനികളുമായി ഏകോപിപ്പിക്കുകയും താമസസ്ഥലങ്ങളിൽ നിന്നുള്ള ചെക്ക്-ഔട്ട് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന തീർഥാടകരെക്കുറിച്ചുള്ള വിവരങ്ങൾ വൈകിക്കാതെ അധികൃതരെ അറിയിക്കാൻ ഉംറ സർവീസ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസം വരുത്തുന്ന കമ്പനികൾക്ക് കനത്ത സാമ്പത്തിക പിഴ ചുമത്തുന്നതാണ്.
വിസ കാലാവധി കഴിഞ്ഞ തീർഥാടകരെ സഹായിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൗരന്മാരോ താമസക്കാരോ നിയമലംഘകർക്ക് ഇനി പറയുന്ന സഹായങ്ങൾ നൽകാൻ പാടുള്ളതല്ല. താമസസൗകര്യം (അഭയം) നൽകുക, ജോലിക്കെടുക്കുക, യാത്രാ സൗകര്യം ഒരുക്കുക, രാജ്യത്ത് തുടരാൻ പ്രേരിപ്പിക്കുന്ന മറ്റ് സഹായങ്ങൾ ചെയ്യുക എന്നീ കുറ്റങ്ങൾ ചെയ്താലാണ് ശിക്ഷാനടപടി.
നിയമവിരുദ്ധമായി രാജ്യത്ത് തുടരാൻ സഹായിക്കുന്നവർക്കും പിഴ, ജയിൽ ശിക്ഷ, നാടുകടത്തൽ എന്നിവ നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. തീർഥാടകരുടെ സുരക്ഷയും നിയമപരമായ നടപടിക്രമങ്ങളും ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് ഈ കർശന നിയന്ത്രണങ്ങൾ.
ഉംറ തീർഥാടകരുടെ മടക്കയാത്ര: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് മന്ത്രാലയം
റിയാദ്: ഉംറ തീർഥാടകരുടെ മടക്കയാത്ര സുഗമമാക്കുന്നതിനും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുമായി ഹജ്ജ് ഉംറ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തിരക്ക് ഒഴിവാക്കി യാത്ര എളുപ്പമാക്കുന്നതിന് തീർഥാടകർ കൃത്യമായ തയാറെടുപ്പുകൾ നടത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.
സമയക്രമം
തീർഥാടകർ തങ്ങളുടെ ഉംറ കമ്പനികളുമായി ബന്ധപ്പെട്ട് പുറപ്പെടൽ സമയം നേരത്തെ തന്നെ സ്ഥിരീകരിക്കേണ്ടതാണ്. താമസസ്ഥലത്തെ ചെക്കൗട്ട് നടപടിക്രമങ്ങളും മറ്റ് ക്രമീകരണങ്ങളും സംബന്ധിച്ച് ഹോട്ടൽ അധികൃതരുമായി മുൻകൂട്ടി ഏകോപനം നടത്തണം. വിമാനത്താവളത്തിലേക്കുള്ള യാത്ര കൃത്യസമയത്ത് ആരംഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. തിരക്ക് മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലേക്ക് പോകണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ലഗേജ് പാക്കിങ്
വിമാനക്കമ്പനികളുടെ നിബന്ധനകൾക്കനുസരിച്ച് ബാഗുകൾ മുൻകൂട്ടി പാക്ക് ചെയ്യണം. ബാഗേജ് കൈകാര്യം ചെയ്യുന്നതിൽ അതീവ ശ്രദ്ധ പുലർത്തണം. വിമാനയാത്രയെ തടസ്സപ്പെടുത്തുന്നതോ നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നതോ ആയ ഒരു നിയമലംഘനങ്ങളും ഉണ്ടാകാൻ പാടില്ല. സിവിൽ ഏവിയേഷൻ ചട്ടങ്ങൾ പ്രകാരം നിരോധിക്കപ്പെട്ട വസ്തുക്കൾ കൊണ്ടുപോകുന്നത് ഒഴിവാക്കണം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, പവർ ബാങ്കുകൾ ചെക്ക്ഡ് ബാഗേജിൽ വെക്കാൻ പാടില്ല; ഇവ ഹാൻഡ് ലഗേജിൽ മാത്രമേ അനുവദിക്കൂ.
സംസം വെള്ളം
സംസം വെള്ളം കൊണ്ടുപോകുന്നതിന് എയർലൈനുകൾ നിശ്ചയിച്ചിട്ടുള്ള കർശനമായ വ്യവസ്ഥകൾ പാലിക്കണം. വിമാനത്താവളത്തിനുള്ളിലെ അംഗീകൃത ഔട്ട്ലെറ്റുകളിൽനിന്ന് ലഭ്യമായ അഞ്ച് ലിറ്റർ മാത്രം കൊള്ളുന്ന നിയുക്ത കണ്ടെയ്നറുകളിൽ മാത്രമേ സംസം വെള്ളം വാങ്ങാവൂ. ഇത്തരം കണ്ടെയ്നറുകൾ പൂർണമായും തയാറാക്കിയതും വിമാന ചരക്കിന് അനുയോജ്യമായ രീതിയിൽ ഹാർഡ്ബോർഡ് ബോക്സുകളിൽ പാക്ക് ചെയ്തതുമായിരിക്കണം. വിമാന വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതിെൻറയും ഉംറ കമ്പനികളെയും വിമാനക്കമ്പനികളെയും ബന്ധപ്പെട്ട് പുറപ്പെടൽ തീയതികൾ ആവർത്തിച്ച് ഉറപ്പാക്കേണ്ടതിെൻറയും പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

