അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തിയാൽ കടുത്ത നടപടി
text_fieldsറിയാദ്: നിയമപരമായ അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതും കൈമാറുന്നതും ശിക്ഷാർഹമായ കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. രാജ്യത്തെ വ്യക്തിഗത ഡേറ്റ സംരക്ഷണ നിയമം ഉറപ്പുനൽകുന്ന സ്വകാര്യതയുടെ നഗ്നമായ ലംഘനമാണ് ഇതെന്നും അധികൃതർ ഓർമിപ്പിച്ചു. വ്യക്തിഗത ഡേറ്റ അനുമതിയില്ലാതെ സ്വന്തമാക്കുക, ഉപയോഗിക്കുക അല്ലെങ്കിൽ മറ്റൊരാൾക്ക് ആക്സസ് നൽകുക എന്നിവ കുറ്റകരമാണ്.
വ്യക്തിഗത നേട്ടത്തിനായോ മറ്റൊരാൾക്ക് ദ്രോഹം ചെയ്യാനോ വേണ്ടി സെൻസിറ്റീവ് ആയ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് അതീവ ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷ നടപ്പാക്കുന്നതിൽ യാതൊരുവിധ ഇളവുകളും ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
വ്യക്തികളും സ്ഥാപനങ്ങളും നിലവിലുള്ള ചട്ടങ്ങൾ കർശനമായി പാലിക്കണം. വ്യക്തിവിവരങ്ങളുടെ ചോർച്ചയോ ദുരുപയോഗമോ ഉണ്ടാകാതിരിക്കാൻ ആവശ്യമായ ബോധവത്കരണം നടത്തണമെന്നും പബ്ലിക് പ്രോസിക്യൂഷൻ നിർദേശിച്ചു. വ്യക്തികളുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നത്. ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിക്കുന്നവർ കർശനമായ നിയമ പ്രോസിക്യൂഷൻ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

