സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി തുടരുന്നു
text_fieldsജിദ്ദ: സൗദി അറേബ്യയിൽ താമസം, ജോലി, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധന തുടർന്നു. ജനുവരി എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ 18,054 നിയമലംഘകരാണ് പിടിയിലായത്. താമസ നിയമ ലംഘനത്തിന് 11,343, അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 3,858, തൊഴിൽ നിയമ ലംഘനത്തിന് 2,853, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം 1,491 എന്നിങ്ങനെയാണ് ആളുകൾ പിടിയിലായത്.
നിയമലംഘകർക്ക് താമസസൗകര്യമോ യാത്രാസൗകര്യമോ ഒരുക്കി നൽകിയ 23 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിലവിൽ പിടിയിലായ 27,518 വിദേശികൾക്കെതിരെ വിവിധ ഘട്ടങ്ങളിലായുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ 14,621 പേരെ ഇതിനകം തന്നെ നാടുകടത്തി. യാത്രാരേഖകൾ ഇല്ലാത്തവർ ബന്ധപ്പെട്ട എംബസികളുമായോ കോൺസുലേറ്റുകളുമായോ സഹകരിച്ച് രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കർശന മുന്നറിയിപ്പുമായി മന്ത്രാലയം
നിയമലംഘകർക്ക് ഗതാഗത, താമസ സഹായം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടും. നിയമലംഘനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും അധികൃതരെ അറിയിക്കേണ്ടതാണ്. രാജ്യത്തെ തൊഴിൽ മേഖല ശുദ്ധീകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ നീക്കങ്ങളുമായി മന്ത്രാലയം മുന്നോട്ട് പോകും. എല്ലാ ആഴ്ചകളിലും നിയമലംഘകരെ പിടികൂടാനുള്ള പ്രതിവാര പരിശോധന തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

