മക്കയിൽ അനധികൃത ഫുഡ് ട്രക്കുകൾക്കെതിരെ കർശന നടപടി
text_fieldsമക്ക: നഗരപരിധിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾക്കെതിരെ നടപടി കർശനമാക്കി മക്ക മുനിസിപ്പാലിറ്റി. മൊബൈൽ വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും നഗരത്തിെൻറ ഭംഗി നിലനിർത്താനും ലക്ഷ്യമിട്ടാണ് മുനിസിപ്പാലിറ്റിയുടെ ഈ പുതിയ നീക്കം. പൊതുസ്ഥലങ്ങളിലും റോഡുകളിലും നടപ്പാതകളിലും ഉപേക്ഷിച്ച നിലയിലോ അനധികൃതമായോ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പ് വാഹനങ്ങളിൽ പതിപ്പിക്കുന്ന തീയതി മുതൽ 72 മണിക്കൂറിനുള്ളിൽ ഇവ നീക്കം ചെയ്യണം.
നിശ്ചിത സമയപരിധിക്കുള്ളിൽ വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ അവ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. മൊബൈൽ ഫുഡ് ട്രക്ക് മേഖലയിൽ അച്ചടക്കം കൊണ്ടുവരുന്നതിനും, അംഗീകൃത നിക്ഷേപകർക്ക് സുരക്ഷിതവും സംഘടിതവുമായ അന്തരീക്ഷം ഒരുക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പൊതു ഇടങ്ങളുടെ ക്രമരഹിതമായ ഉപയോഗം തടയുന്നതിലൂടെ നഗരത്തിെൻറ ഭൂപ്രകൃതി മെച്ചപ്പെടുത്താനും ഈ നടപടിയിലൂടെ സാധിക്കുമെന്ന് മക്ക മുനിസിപ്പാലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

