Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ...

സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി: ഒരാഴ്ചയ്ക്കുള്ളിൽ 22,900ലധികം പേർ പിടിയിൽ

text_fields
bookmark_border
സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി: ഒരാഴ്ചയ്ക്കുള്ളിൽ 22,900ലധികം പേർ പിടിയിൽ
cancel

റിയാദ്: സൗദി അറേബ്യയിൽ താമസം, ജോലി, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന തീവ്രമായ ഫീൽഡ് പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 22,931 നിയമലംഘകരെ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു.

നടന്നുവരുന്ന സംയുക്ത പരിശോധനയിൽ വിവിധ നിയമലംഘനങ്ങളിലായി കുടുങ്ങിയവരുടെ കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. ഇഖാമ നിയമലംഘകർ 17,181 പേരും അതിർത്തി സുരക്ഷ നിയമലംഘകർ 3,931 പേരും തൊഴിൽ നിയമലംഘകർ 1,819 പേരുമാണ്​.

അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,635 പേരെയും സുരക്ഷാ സേന പിടികൂടി. ഇതിൽ 29 ശതമാനം യമൻ സ്വദേശികളും, 68 ശതമാനം എത്യോപ്യക്കാരും, മൂന്ന്​ ശതമാനം മറ്റു രാജ്യങ്ങളിൽനിന്നുള്ളവരുമാണ്. കൂടാതെ, അതിർത്തി കടന്ന് നിയമവിരുദ്ധമായി പുറത്തേക്ക് പോകാൻ ശ്രമിച്ച 40 പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു.

നിയമലംഘകർക്ക് താമസം, ജോലി, ഗതാഗത സൗകര്യങ്ങൾ എന്നിവ ഒരുക്കിക്കൊടുത്ത 36 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കടുത്ത ശിക്ഷ നടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റക്കാർക്ക് 15 വർഷം വരെ തടവും, 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാം.

കൂടാതെ, നിയമലംഘനത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും കുറ്റവാളികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും. ഇത് രാജ്യത്തി​ന്റെ അന്തസ്സിനെയും സത്യസന്ധതയെയും ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കുമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.

നിലവിൽ 2,95,664 നിയമലംഘകർക്കെതിരെ വിവിധ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. ഇതിൽ 26,714 പുരുഷന്മാരും 2,850 സ്ത്രീകളും ഉൾപ്പെടുന്നു. യാത്രാ രേഖകൾ ശരിയാക്കുന്നതിനായി 21,133 പേരെ വിവിധ എംബസികളിലേക്ക് മാറ്റി. യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി 3,285 പേരെ കൈമാറി. നടപടികൾ പൂർത്തിയാക്കി 7,761 പേരെ ഇതിനോടകം സ്വന്തം നാടുകളിലേക്ക് നാടുകടത്തി.

നിയമലംഘനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും വിവരങ്ങൾ അറിയിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabialawbreakers arrested
News Summary - Strict action against lawbreakers in Saudi Arabia: More than 22,900 people arrested in one week
Next Story