പ്രതിരോധ സഹകരണം ശക്തമാക്കി: പാകിസ്താൻ വ്യോമസേന വിഭാഗം സൗദി അറേബ്യയിലെത്തി
text_fieldsറിയാദ്: തന്ത്രപ്രധാനമായ പ്രതിരോധ സഹകരണത്തിെൻറ ഭാഗമായി പാകിസ്താൻ സൈനിക വ്യൂഹം സൗദി അറേബ്യയിലെത്തി. പാകിസ്താൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും സഹായ വിമാനങ്ങളും അനുബന്ധ വിഭാഗങ്ങളും ഉൾപ്പെടുന്ന സായുധ വ്യൂഹമാണ് ശനിയാഴ്ച കിഴക്കൻ പ്രവിശ്യയിലെ കിങ് അബ്ദുൽ അസീസ് വ്യോമതാവളത്തിൽ എത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഏകോപനം വർധിപ്പിക്കുന്നതിനും സംയുക്ത പ്രവർത്തന സന്നദ്ധത മെച്ചപ്പെടുത്തുന്നതിനുമുള്ള നിർണായക നീക്കമാണിതെന്ന് സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ സൗദി അറേബ്യയും പാകിസ്താനും ഒപ്പുവെച്ച ചരിത്രപരമായ സംയുക്ത പ്രതിരോധ കരാറിെൻറ തുടർച്ചയായാണ് ഈ സൈനിക നീക്കം. കരാർ പ്രകാരം രണ്ട് രാജ്യങ്ങളിൽ ഒന്നിന് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും.
പ്രാദേശികവും അന്തർദ്ദേശീയവുമായ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനൊപ്പം, അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെയും സംയുക്ത സൈനിക അഭ്യാസങ്ങളിലൂടെയും സായുധ സേനകളുടെ ശേഷി വികസിപ്പിക്കുക എന്നതും ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യമാണ്.
പ്രതിരോധ-സൈനിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഈ സഹകരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏതൊരു ബാഹ്യ ഭീഷണിക്കെതിരെയും സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും സൈനിക പ്രവർത്തനങ്ങളിൽ പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിനും പുതിയ നീക്കം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വഴിത്തിരിവാകുന്ന ഈ സൈനിക സാന്നിധ്യം മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

