തെരുവ് നായക്കൂട്ടത്തിെൻറ ആക്രമണം: സൗദിയിൽ മൂന്നര വയസുകാരന് ഗുരുതര പരിക്ക്
text_fieldsറിയാദ്: സൗദി വടക്കൻ പ്രവിശ്യയിലെ തരീഫ് പട്ടണത്തിൽ വീടിന് സമീപത്തുള്ള പലചരക്ക് കടയിലേക്ക് പോകുന്നതിനിടയിൽ മൂന്നര വയസുകാരനെ തെരുവ് നായക്കൂട്ടം ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിൽ നിന്ന് ശരീരമാസകലം ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ‘അഖ്ബാർ 24’ വാർത്താ ഏജൻസിയാണ് ഈ ദാരുണ സംഭവം പുറത്തുവിട്ടത്.
കുട്ടി നടന്നുപോകുന്നതിനിടെ ഒരു കൂട്ടം തെരുവ് നായകൾ പെട്ടെന്ന് ചാടിവീണ് ആക്രമിക്കുകയായിരുന്നു. ആക്രമണം നേരിട്ട് കണ്ട കുട്ടിയുടെ സഹോദരൻ, ഉടനടി നായകളെ ഓടിക്കാനും സഹോദരനെ രക്ഷിക്കാനും ശ്രമിച്ചെങ്കിലും നായകളുടെ അക്രമസ്വഭാവം കാരണം അതിന് സാധിച്ചില്ല. തുടർന്ന് മറ്റ് സഹോദരങ്ങളെ വിവരമറിയിക്കുകയായിരുന്നു. അവർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി ഏറെ പ്രയത്നിച്ചാണ് കുട്ടിയെ നായകളുടെ പിടിയിൽ നിന്നും മോചിപ്പിച്ചത്. പരിക്കേറ്റ കുട്ടിയെ ആദ്യം തരീഫ് ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരിക്ക് അങ്ങേയറ്റം ഗുരുതരമായതിനാലും അടിയന്തിര വിദഗ്ധ ചികിത്സ ആവശ്യമായി വന്നതിനാലും, എയർ ആംബുലൻസ് വഴി തലസ്ഥാന നഗരമായ റിയാദിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ റിയാദിലെ പ്രത്യേക സജ്ജീകരണങ്ങളുള്ള ആശുപത്രിയിൽ കുട്ടിക്ക് ആവശ്യമായ തീവ്രപരിചരണം നൽകിവരികയാണ്. ഈ സംഭവം പ്രദേശവാസികൾക്കിടയിൽ കടുത്ത ആഘാതവും സങ്കടവും ഉണ്ടാക്കിയിട്ടുണ്ട്. പ്രദേശത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിനെതിരെ ശക്തമായ ജനരോഷവും ഉയരുന്നുണ്ട്. ജനങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന ഈ പ്രശ്നത്തിന് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്ന് തദ്ദേശവാസികൾ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

