Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹുർമുസ് കടലിടുക്ക്...

ഹുർമുസ് കടലിടുക്ക് പ്രതിസന്ധി: ബദൽ മാർഗങ്ങൾ തുറന്ന് സൗദി

text_fields
bookmark_border
ഹുർമുസ് കടലിടുക്ക് പ്രതിസന്ധി: ബദൽ മാർഗങ്ങൾ തുറന്ന് സൗദി
cancel
camera_alt

ദമ്മാം കിങ്​ അബ്​ദുൽ അസീസ്​ തുറമുഖം

ദമ്മാം: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ-വാതക ഗതാഗത പാതകളിലൊന്നായ ഹുർമുസ് കടലിടുക്കിൽ സംഘർഷം വർദ്ധിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ചരക്ക് നീക്കത്തിനായി ബദൽ സംവിധാനങ്ങൾ ഒരുക്കി സൗദി അറേബ്യ. ആഗോള എണ്ണ വിതരണത്തി​ന്‍റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാതയിലെ അനിശ്ചിതത്വം മറികടക്കാൻ ചെങ്കടൽ തുറമുഖങ്ങളെ പ്രധാന ഇടനാഴിയായി ഉപയോഗപ്പെടുത്താനാണ് സൗദി പോർട്ട് അതോറിറ്റിയുടെ നീക്കം. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ തന്നെ ഗൾഫ് ചരക്കുകൾ ആഗോള വിപണിയിൽ എത്തിക്കാൻ ഈ പുതിയ മാർഗം സഹായകമാകും.

മേഖലയിലെ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി, അറേബ്യൻ ഗൾഫ് തുറമുഖങ്ങളിൽ നിന്നുള്ള ഷിപ്പിങ്​ ചെങ്കടൽ വഴി തിരിച്ചുവിടാനുള്ള നടപടികൾ ഈ മാസം ആദ്യം മുതൽ സൗദി പോർട്ട് അതോറിറ്റി ആരംഭിച്ചിരുന്നു. ഈ നീക്കം ഇതിനകം തന്നെ വിജയകരമാണെന്നാണ് സൂചനകൾ. ഇതി​ന്‍റെ ഭാഗമായി സൗദിയിലെ കിഴക്കൻ മേഖലയിലെ തുറമുഖത്തു നിന്നും ബഹ്‌റൈനിലേക്കും ഷാർജയിലേക്കും കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പുതിയ ജലപാതകൾ ആരംഭിച്ചു. 3,000 സ്​റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ വരെ വഹിക്കാൻ ശേഷിയുള്ള കപ്പൽ ഉപയോഗിച്ച് ദമ്മാമിലെ കിങ്​ അബ്​ദുൽ അസീസ് തുറമുഖത്തെ ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖവുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. സമാനമായ ഷട്ടിൽ സർവീസാണ് ഷാർജയുമായും ആരംഭിച്ചിട്ടുള്ളത്. ഈ പുതിയ ഇടനാഴികൾ വഴി രാജ്യത്തി​ന്‍റെ കിഴക്കൻ മേഖലയിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ള ചരക്കുകൾ ജിദ്ദ ഇസ്​ലാമിക് തുറമുഖത്തേക്കും മറ്റ് ചെങ്കടൽ തുറമുഖങ്ങളിലേക്കും എളുപ്പത്തിൽ എത്തിക്കാൻ സാധിക്കും.നിലവിലെ സാഹചര്യത്തിൽ ജലപാതകളിലെ നിയന്ത്രണങ്ങളും യാത്രാ നിരക്ക് വർദ്ധനയും ഷിപ്പിങ്​ കമ്പനികളെ പ്രതിസന്ധിയിലാക്കിയപ്പോഴാണ് സൗദി പോർട്ട് അതോറിറ്റി (മവാനി) ഇടപെട്ട് സമുദ്ര ബന്ധം മെച്ചപ്പെടുത്തിയത്. ഇതോടെ ദമ്മാം പോർട്ടിനെ മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്​റ്റിക്സ് കേന്ദ്രമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്കും വേഗത കൂടിയിട്ടുണ്ട്.

43 ബെർത്തുകളും 10.5 കോടി ടൺ വരെ ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുള്ള ദമ്മാം കിങ്​ അബ്​ദുൽ അസീസ്​ തുറമുഖം സൗദിയുടെ സാമ്പത്തിക ഭൂപടത്തിൽ നിർണായകമാണ്. അറേബ്യൻ ഗൾഫിൽ പ്രവർത്തിക്കുന്ന കപ്പലുകൾക്ക് പോർട്ട് അതോറിറ്റി ഇപ്പോൾ കൂടുതൽ പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. കപ്പലുകൾക്ക് ആവശ്യമായ ഭക്ഷണം, വൈദ്യസഹായം, ക്രൂ ചേഞ്ച് സേവനങ്ങൾ, ബങ്കറിങ്​, ജലവിതരണം തുടങ്ങിയ പ്രവർത്തന പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. കിഴക്കൻ മേഖലയിലെ തുറമുഖങ്ങളിലുടനീളം സംയോജിത സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ, ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും തടസ്സമില്ലാത്ത ചരക്ക് നീക്കം ഉറപ്പാക്കാനും ഒരു തന്ത്രപരമായ ലോജിസ്​റ്റിക് ഹബ്ബായി രാജ്യത്തെ മാറ്റാനുമാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCStrait of HormuzdammanUS Attack on IranUS Iran War
News Summary - Strait of Hormuz crisis Saudi Arabia opens up alternative routes
Next Story