ആക്രമണം നിർത്തണം, ഫലസ്തീൻ ജനതക്ക് അവകാശങ്ങൾ ലഭിക്കണം -സൗദി കിരീടാവകാശി
text_fieldsജിദ്ദ: ഫലസ്തീനെതിരെ നടക്കുന്ന ആക്രമണം നിർത്തണമെന്നും ആ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സ്വരം കടുപ്പിച്ച് വീണ്ടും സൗദി അറേബ്യ. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ നേടിയെടുക്കാൻ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കണമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ റിയാദിൽ യു.എസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യപ്പെട്ടത്.
പശ്ചിമേഷ്യൻ മേഖലയിലും ലോകത്തും സുരക്ഷിതത്വത്തിനും സമാധാനത്തിനും മേലുള്ള അപകടകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും അക്രമം വ്യാപിക്കാതിരിക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ ആവശ്യകത ലോകം തിരിച്ചറിയാൻ ഇനിയും വൈകരുതെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു.
ഗസ്സയിൽ നിലവിൽ നടക്കുന്ന സൈനികാക്രമണത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദവും പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, മന്ത്രിസഭാംഗവും സഹമന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, മന്ത്രിസഭാംഗവും സഹമന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുൽ മാലിക് അൽശൈഖ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.