വാഹനങ്ങളിലെ സ്റ്റിക്കർ: പിഴ ചുമത്തൽ കർശനമാക്കി സൗദി ട്രാഫിക്, 100 മുതൽ 1000 റിയാൽ വരെ പിഴ
text_fieldsറിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ സ്റ്റിക്കറുകളോ പരസ്യങ്ങളോ പതിപ്പിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പ് ആവർത്തിച്ച് ട്രാഫിക് വിഭാഗം (മുറൂർ). വാഹനത്തിന്‍റെ യഥാർഥ രൂപത്തിൽ മാറ്റം വരുത്തുന്നതോ ഡ്രൈവർക്ക് തടസ്സമുണ്ടാക്കുന്നതോ ആയ സ്റ്റിക്കറുകൾ നിയമലംഘനമായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ട്രാഫിക് വകുപ്പിന്‍റെ പെർമിറ്റ് നേടിയല്ലാതെ വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിപ്പിച്ചാൽ കർശന നിയമ നടപടി നേരിടേണ്ടിവരും. വലിയ സാമ്പത്തിക പിഴയും ലഭിക്കും. ഈ ദിവസങ്ങളിൽ റിയാദിൽ നിരവധി പേർക്ക് വലിയ പിഴകൾ ലഭിച്ചു. ട്രാഫിക് പൊലീസ് വാഹനങ്ങൾ തടഞ്ഞുനിർത്തി സ്റ്റിക്കറുകൾ ഇളക്കാൻ ആവശ്യപ്പെടുകയും പിഴ ചുമത്തുകയുമാണ്. 100 റിയാൽ മുതൽ 1000 റിയാൽ വരെ പിഴ ലഭിച്ചവരുണ്ട്. സ്റ്റിക്കറുകൾ പതിക്കാനും വാഹനങ്ങളിൽ മാറ്റം വരുത്താനും ബന്ധപ്പെട്ട വകുപ്പിൽനിന്ന് ലഭിച്ച അനുമതിപത്രം ഒപ്പം കരുതണം. ഇല്ലെങ്കിൽ നിയമനടപടി ഉറപ്പ്.
അനധികൃതമായ സ്റ്റിക്കറുകൾ പതിപ്പിച്ച വാഹനങ്ങൾ പിഴയ്ക്ക് പുറമെ, വാർഷിക വാഹന പരിശോധനയിൽ (ഫഹസ്) പരാജയപ്പെടാനും സാധ്യതയുണ്ട്. അതിനാൽ വാഹന ഉടമകൾ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രാഫിക് വകുപ്പ് ഓർമിപ്പിക്കുന്നു.
പ്രധാന നിയന്ത്രണങ്ങളും ഇളവുകളും
- ഗ്ലാസുകളിലും ബോഡികളിലും സ്റ്റിക്കറുകൾ: മുമ്പിലെയും പുറകിലെയും വിൻഡ്ഷീൽഡുകളിലും വശങ്ങളിലെ ഗ്ലാസുകളിലും ബോഡിയിലും സ്റ്റിക്കറുകളോ എഴുത്തുകളോ പതിപ്പിക്കരുത്.
- വാണിജ്യ പരസ്യങ്ങൾ: വാണിജ്യ മന്ത്രാലയത്തിന്‍റെയും ട്രാഫിക് വിഭാഗത്തിന്‍റെയും മുൻകൂർ അനുമതിയില്ലാതെ കമ്പനികളുടെ ലോഗോകളോ ഫോൺ നമ്പറുകളോ സ്വകാര്യ വാഹനങ്ങളിൽ പതിപ്പിക്കാൻ പാടില്ല.
- സദാചാര വിരുദ്ധ ഉള്ളടക്കം: പൊതുമര്യാദകൾക്കും മതമൂല്യങ്ങൾക്കും വിരുദ്ധമായ സ്റ്റിക്കറുകൾ കർശനമായി നിരോധിച്ചിരിക്കുന്നു.
- തിരിച്ചറിയൽ അടയാളങ്ങൾ മറയ്ക്കുക: നമ്പർ പ്ലേറ്റുകൾ, ലൈറ്റുകൾ എന്നിവ മറയ്ക്കുന്ന രീതിയിലോ വാഹനത്തിന്‍റെ യഥാർഥ നിറം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലോ ഉള്ള സ്റ്റിക്കറുകൾ അനുവദിക്കില്ല.
- രൂപമാറ്റം വരുത്തൽ: വാഹനത്തിെൻറ ബോഡി മുഴുവൻ പൊതിയുന്ന തരത്തിൽ സ്റ്റിക്കറുകൾ പതിക്കാൻ പ്രത്യേക അനുമതി നേടണം.
- ഫഹസ് (പീരിയോഡിക്കൽ ടെസ്റ്റ്) സ്റ്റിക്കർ: പീരിയോഡിക്കൽ വാഹന പരിശോധനക്ക് ശേഷം ലഭിക്കുന്ന സ്റ്റിക്കർ മുൻവശത്തെ ഗ്ലാസിൽ (സാധാരണയായി മുകളിൽ വലതുഭാഗത്ത്) നിർബന്ധമായും പതിപ്പിക്കണം.
- അനുമതിയുള്ള പരസ്യങ്ങൾ: പ്രത്യേക പെർമിറ്റ് ഉള്ള വാണിജ്യ വാഹനങ്ങളിൽ നിയമപ്രകാരമുള്ള സ്റ്റിക്കറുകൾ അനുവദിക്കും.
- ദേശീയ ദിനം: സൗദി ദേശീയ ദിനം (സെപ്റ്റംബർ 23), സൗദി ഫൗണ്ടേഷൻ ദിനം (ഫെബ്രുവരി 22) എന്നീ അവസരങ്ങളിൽ വാഹനങ്ങളിൽ അലങ്കാരങ്ങളും പതാകകളും അനുവദിക്കും. എങ്കിലും കാഴ്ച മറയ്ക്കുന്ന രീതിയിലാകരുത് അലങ്കാരവും പതാക സ്ഥാപിക്കലും. ആഘോഷത്തിന് ശേഷം ഇവ നീക്കം ചെയ്യേണ്ടതാണ്.
പിഴയും നടപടികളും
- സദാചാര വിരുദ്ധമായ പോസ്റ്ററുകൾ/ലോഗോകൾ പതിച്ചാൽ 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ
- അനുമതിയില്ലാതെ വാഹനങ്ങളിൽ പരസ്യം പതിച്ചാൽ 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ
- വാഹനത്തിന്‍റെ രൂപമാറ്റം വരുത്തിയാൽ 1,000 മുതൽ 2,000 റിയാൽ വരെ പിഴയും വാഹനം കണ്ടുകെട്ടൽ സാധ്യതയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

