ഹജ്ജ് തീർത്ഥാടകർക്കായി അത്യാധുനിക ‘മൊബൈൽ കൗണ്ടറുകൾ’ സജ്ജം
text_fieldsഹജ്ജ് തീർഥാടകർക്കായി എയർ, സീ പോർട്ടുകളിലെയും ലാൻഡ് ക്രോസിങ്ങുകളിലെയും ഇമിഗ്രേഷനിൽ ഒരുക്കിയ അത്യാധുനിക ‘മൊബൈൽ കൗണ്ടറുകൾ’
റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി പുണ്യഭൂമിയിലേക്ക് എത്തുന്ന തീർത്ഥാടകരുടെ യാത്രാനടപടികൾ സുഗമമാക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യയുമായി സൗദി പാസ്പോർട്ട് വിഭാഗം (ജവാസത്). രാജ്യത്തിെൻറ വിവിധ അന്താരാഷ്ട്ര പ്രവേശന കവാടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന പുതിയ ‘മൊബൈൽ കൗണ്ടറുകൾ’ തീർഥാടകർക്ക് വലിയ ആശ്വാസമാകുകയാണ്. ഹജ്ജ് തീർഥാടകരുടെ യാത്ര കൂടുതൽ ലളിതമാക്കുന്നതിനും സുരക്ഷാ നടപടികൾ വേഗത്തിലാക്കുന്നതിനും നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ജവാസത് ഡയറക്ടറേറ്റ് ഈ സംവിധാനം നടപ്പാക്കുന്നത്.
ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതോടൊപ്പം തന്നെ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
പ്രായമായവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ദീർഘനേരം ക്യൂവിൽ നിൽക്കാതെ തന്നെ നടപടികൾ പൂർത്തിയാക്കാൻ ഈ ‘മൊബൈൽ കൗണ്ടർ’ സംവിധാനം ഏറെ സഹായകരമാണ്. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുക, ഫോട്ടോ എടുക്കുക, പാസ്പോർട്ട് വിവരങ്ങൾ വേഗത്തിൽ റീഡ് ചെയ്യുക തുടങ്ങിയ സുപ്രധാന നടപടികൾ യാതൊരു തടസ്സവുമില്ലാതെ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ ഈ ഉപകരണം സഹായിക്കുന്നു. തീർഥാടകരുടെ പുണ്യയാത്ര സുഖകരമാക്കാൻ ലക്ഷ്യമിട്ടുള്ള ജവാസത്തിന്റെ ഈ നീക്കം ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ മികച്ച ഉദാഹരണമായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

