യമനിൽ 90 ദിവസത്തേക്ക് അടിയന്തരാവസ്ഥ; അതിർത്തികൾ അടച്ചു, സൈന്യത്തിന് കർശന നിർദേശം
text_fieldsജിദ്ദ/ഏദൻ: രാജ്യത്ത് വർധിച്ചുവരുന്ന സുരക്ഷ വെല്ലുവിളികൾ കണക്കിലെടുത്ത് യമൻ പ്രസിഡന്റ് ഡോ. റഷാദ് മുഹമ്മദ് അൽഅലിമി രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2025 ഡിസംബർ 30 മുതൽ പ്രാബല്യത്തിൽവന്ന ഉത്തരവ് പ്രകാരം 90 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങൾ വിലയിരുത്തി ഇത് നീട്ടാനും സാധ്യതയുണ്ട്. യമൻ ഔദ്യോഗിക വാർത്ത ഏജൻസിയായ സബയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയം മുതൽ 72 മണിക്കൂർ നേരത്തേക്ക് യമനിലെ എല്ലാ കര, കടൽ, വ്യോമ അതിർത്തികളും തുറമുഖങ്ങളും പൂർണമായി അടച്ചുപൂട്ടി. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഔദ്യോഗിക അനുമതിയുള്ളവർക്ക് മാത്രമേ ഈ സമയത്ത് യാത്രാ ഇളവുകൾ അനുവദിക്കൂ.
ഹളർമൗത്ത്, അൽമഹ്‌റ ഗവർണറേറ്റുകളിലെ എല്ലാ സൈനിക വിഭാഗങ്ങളും അറബ് സഖ്യസേനയുമായി പൂർണമായി സഹകരിക്കണമെന്ന് പ്രസിഡന്റ് ഉത്തരവിട്ടു. നിലവിൽ നിലയുറപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിൽനിന്ന് മാറി തങ്ങളുടെ പഴയ ക്യാമ്പുകളിലേക്ക് മടങ്ങാനും, നിലവിലെ സൈനിക പോസ്റ്റുകൾ ‘ഹോംലാൻഡ് ഷീൽഡ്’ സേനക്ക് കൈമാറാനും നിർദേശമുണ്ട്. യാതൊരുവിധ ഏറ്റുമുട്ടലുകളും ഉണ്ടാകാൻ പാടില്ലെന്ന് കർശന താക്കീത് നൽകിയിട്ടുണ്ട്.
പ്രതിസന്ധി ഘട്ടത്തിൽ ഹളർമൗത്ത്, അൽമഹ്‌റ ഗവർണർമാർക്ക് അതത് പ്രവിശ്യകളുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ പൂർണ അധികാരം നൽകി. സൈനിക ക്യാമ്പുകളുടെ നിയന്ത്രണം ഹോംലാൻഡ് ഷീൽഡ് സേന ഏറ്റെടുക്കുന്നത് വരെ ഗവർണർമാർ സൈന്യവുമായി ചേർന്ന് പ്രവർത്തിക്കണമെന്നും പ്രസിഡന്റിന്റെ ഉത്തരവിൽ പറയുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിർണായക നീക്കമായാണ് ഈ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

