സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മദീന സന്ദർശിച്ചു
text_fieldsസംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മദീനയിൽ സംസ്ഥാന ഹജ്ജ് നോഡൽ ഓഫീസർ ജാഫർ മാലിക് ഐ.എ. എസുമായി ഒരുക്കങ്ങൾ വിലയിരുത്തുന്നു
മദീന: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവുമായ സി. മുഹമ്മദ് ഫൈസി മദീന സന്ദർശിച്ചു. കഴിഞ്ഞ ദിവസം മദീനയിൽ എത്തിയ ഇദ്ദേഹം മൂന്ന് ദിവസം മദീനയിൽ തങ്ങും. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി ഇന്ത്യയിൽ നിന്നും ഇതിനകം മദീനയിലെത്തിയ തീർത്ഥാടക സംഘത്തെ ചെയർമാൻ സന്ദർശിച്ചു. ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം മദീനാ സന്ദർശനത്തിനെത്തിച്ചേരുന്ന മലയാളി തീർത്ഥാടകരുടെ താമസത്തിനായി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളിലെ സജ്ജീകരണങ്ങളും അദ്ദേഹം വിലയിരുത്തി.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രത്യേകമായി ചുമതലപ്പെടുത്തിയ ഹജ്ജ് നോഡൽ ഓഫീസർ ജാഫർ മാലിക് ഐ.എഎസിനെ മദീനയിൽ നേരിൽ കണ്ട് ഒരുക്കങ്ങൾ സംബന്ധിച്ച് അദ്ദേഹം സംസാരിച്ചു. ഒരുക്കങ്ങളെല്ലാം മികച്ച പുരോഗതിയിലാണെന്നും സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ എല്ലാ ദിവസങ്ങളിലും ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഹാജിമാരെ സേവിക്കാനായി പ്രവർത്തിച്ചുവരുന്ന വിവിധ മലയാളിസന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ അങ്ങേയറ്റം അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ യാത്രാ ഷെഡ്യൂൾ വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾക്ക് അദ്ദേഹം കൈമാറി.