ദേശീയ ദിനാഘോഷത്തിനൊരുങ്ങി രാജ്യം
text_fieldsജിദ്ദ: 93ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവൻ മേഖലകളിലും വൈവിധ്യമാർന്ന ആഘോഷപരിപാടികൾ അരങ്ങേറുമെന്ന് സൗദി വിനോദ അതോറിറ്റി. പരിപാടികളുടെ വിശദാംശങ്ങൾ അതോറിറ്റി പുറത്തുവിട്ടു. ഭൂതകാലത്തിെൻറ ആഘോഷവും സമൃദ്ധമായ ഭാവിക്കായുള്ള അഭിലാഷങ്ങളും പങ്കിടുന്നതായിരിക്കും ഒരോ പരിപാടിയും. ‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്ന ശീർഷകത്തിൽ ഇൗ ദേശീയദിനം മികച്ച കലാസാംസ്കാരിക അവതരണങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
ദേശീയദിനമായ ഈ മാസം 23ന് റിയാദ്, ത്വാഇഫ്, അൽബാഹ, അസീർ, തബൂക്ക് എന്നിവിടങ്ങളിൽ ദേശീയ പതാകയും വഹിച്ച് സൈനിക, സിവിലിയൻ വിമാനങ്ങൾ ‘വി റേസ് ഡ്രീംസ്’ എന്ന ശീർഷകത്തിൽ വിസ്മയകരമായ രീതിയിൽ വ്യോമാഭ്യാസ പ്രകടനം നടത്തും. ബുധനാഴ്ച ജിദ്ദയുടെ വടക്കുഭാഗത്തെ കോർണിഷിൽ സമാനമായ ഷോ അരേങ്ങറും. ഈ മാസം 27ന് ഖോബാർ കോർണിഷിലും ഷോയുണ്ടാകും. സർക്കാർ, സ്വകാര്യ ഏജൻസികൾ പരിപാടിയിൽ പങ്കെടുക്കും.
സൗദി ദേശീയദിനാഘോഷ ഒരുക്കത്തിെൻറ കാഴ്ചകൾ
റോയൽ ഗാർഡ്, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ് മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് കമ്പനികൾ, സൗദി എയർ നാവിഗേഷൻ സർവിസസ് കമ്പനി, സൗദി ഏവിയേഷൻ ക്ലബ്, സൗദി അറേബ്യൻ എയർലൈൻസ്, ഫ്ലൈനാസ്, റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷൻ എന്നിവ ആഘോഷപരിപാടികളിൽ പങ്കാളിത്തം വഹിക്കും. ദേശീയദിനത്തിലെ പ്രധാന പരിപാടികൾ സൗദി ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും.
കഴിഞ്ഞ ദശകങ്ങളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഓർക്കുന്ന അവസരത്തിൽ വിവിധ സൈനിക യൂനിറ്റുകളും അശ്വസേനയും സൈനിക വാഹനങ്ങളും പങ്കെടുക്കുന്ന ഒരു കിലോമീറ്ററിലധികം ദൂരത്തിൽ സൈനിക പരേഡ് നടത്തും. റോയൽ ഗാർഡ്, നാഷനൽ ഗാർഡ്, ബോർഡർ ഗാർഡ്സ് എന്നിവയിൽ നിന്നുള്ള സംഗീത ബാൻഡുകളുമുണ്ടാകും. കഴിഞ്ഞ വർഷം നടന്ന പരിപാടിയുടെ വിജയത്തിനും മികച്ച ജനപങ്കാളിത്തത്തിനും ശേഷമാണ് ‘പ്രൈഡ് ഓഫ് ദ നേഷൻ 2’ എന്ന പരിപാടി നടത്തുന്നത്. ആഭ്യന്തര മന്ത്രാലയവും വിവിധ പരിപാടികളുമായി ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കും. ആഭ്യന്തര മന്ത്രാലയം സുരക്ഷാരംഗത്ത് കൈവരിച്ച നേട്ടങ്ങളും വികസനങ്ങളും പരിചയപ്പെടുത്തുന്നതായിരിക്കും ഇത്. ഈ മാസം 21 മുതൽ 24 വരെ നാല് ദിവസങ്ങളിലായി റിയാദ് ഫ്രൻഡ് ഏരിയയിലാണ് ഇൗ പരിപാടി.
15ലധികം വ്യത്യസ്ത സ്ഥലങ്ങളിൽ രാജ്യത്തിെൻറ ആകാശത്തെ വർണാഭമാക്കുന്ന കരിമരുന്ന് പ്രയോഗങ്ങളുണ്ടാകും. റിയാദിലെ ബൊളിവാർഡ് സിറ്റി, ജിദ്ദയിലെ പ്രൊമെനേഡ്, ദമ്മാമിലെ കിങ് അബ്ദുല്ല പാർക്ക്, നോർത്തേൺ ഖോബാർ കോർണിഷ്, അൽഅഹ്സയിലെ കിങ് അബ്ദുല്ല പരിസ്ഥിതി പാർക്ക്, ബുറൈദയിലെ കിങ് അബ്ദുല്ല നാഷനൽ പാർക്ക്, അബഹയിലെ അൽഫാൻ സ്ട്രീറ്റിലെ അൽസദ്ദ് പാർക്ക്, മദീനയിലെ കിങ് ഫഹദ് സെൻട്രൽ പാർക്ക്, ഹാഇൽ അൽസലാം പാർക്ക്, തബൂക്കിലെ അൽനദീം സെൻട്രൽ പാർക്ക്, അൽബാഹയിലെ അമീർ ഹുസാം പാർക്ക്, സകാകയിലെ അൽജൗഫ് അമാനത്ത് പാർക്ക്, ജിസാനിലെ കോർണിഷ് റോഡ് വാക്ക്വേ, നജ്റാനിലെ യൂനിവേഴ്സിറ്റി ഡിസ്ട്രിക്റ്റിലെ ഹൗസിങ് പാർക്ക്, ത്വാഇഫിലെ കിങ് അബ്ദുല്ല പാർക്ക്, അറാറിലെ വാട്ടർ ടവർ എന്നിവിടങ്ങളിലാണ് കരിമരുന്നു പ്രയോഗം നടക്കുക.
ഈ വർഷത്തെ ഒരു പ്രത്യേക പരിപാടിയെന്ന നിലയിൽ റിയാദിെൻറ ആകാശത്ത് ദേശീയദിനത്തിൽ രാത്രി ഒമ്പതിന് റിയാദ് ബൊളിവാർഡ് സിറ്റിക്ക് സമീപം ഡ്രോൺ ഷോ അരങ്ങേറും. ഡ്രോണുകൾ ലേസർ രശ്മികളാൽ ആകാശത്ത് സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും രൂപങ്ങളും ദേശീയപതാകയും വരക്കും.