യാംബുവിൽ ഹരിതവത്കരണ കാമ്പയിന് തുടക്കം
text_fieldsയാംബു റോയൽ കമീഷൻ ഹരിതവത്കരണ കാമ്പയിന് തുടക്കം കുറിച്ചപ്പോൾ
യാംബു: വനവത്കരണത്തിന് ആളുകളെ പ്രോത്സാഹിപ്പിക്കാനും ഹരിത മേഖലയുടെ വികാസത്തിനും ശാസ്ത്രീയമായ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും യാംബു റോയൽ കമീഷൻ കാമ്പയിനുമായി രംഗത്ത്. 'വജ്ഹത്തുനാ ഖദ്റാഅ' (ഹരിതാഭയണിയിക്കുക ഞങ്ങളുടെ ലക്ഷ്യം) എന്ന ശീർഷകത്തിലാണ് റോയൽ കമീഷൻ അതോറിറ്റി ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കുന്ന കാമ്പയിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്.
യാംബു വാട്ടർ ഫ്രണ്ട് പാർക്കിൽ നടന്ന ഉദ്ഘാടനപരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തു. റോയൽ കമീഷൻ സി.ഇ.ഒ ഡോ. ഫഹദ് ബിൻ ദൈഫുല്ല അൽഖുറൈശി മുഖ്യാഥിതിയായി. വിവിധ വകുപ്പ് മേധാവികളും റോയൽ കമീഷനിലെ പ്രമുഖ കമ്പനികളുടെ മാനേജർമാരും ചടങ്ങിൽ സംബന്ധിച്ചു. മരങ്ങൾ നട്ടുപിടിപ്പിക്കാനും ഹരിതാഭമായ പരിസ്ഥിതി സാഹചര്യം ഉണ്ടാക്കിയെടുക്കേണ്ടതിെൻറ പ്രാധാന്യം സമൂഹത്തെ ബോധവത്കരിക്കാനും കാമ്പയിൻ ലക്ഷ്യംവെക്കുന്നു.
സാമൂഹിക സന്നദ്ധ സംഘടനകളുടെയും വിവിധ കമ്പനികളുടെയും സഹകരണത്തോടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് ഇൗ കാമ്പയിനിലൂടെ. തദ്ദേശീയരായ ആളുകൾക്ക് കുടുംബത്തോടൊപ്പം ഉല്ലസിക്കാൻ പരിസ്ഥിതിസൗഹൃദമായ ഒരന്തരീക്ഷം സംജാതമാക്കും. കാമ്പയിനോടനുബന്ധിച്ച് ഈ മാസത്തിലെ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈവിധ്യമാർന്ന പൊതുപരിപാടികൾ സംഘടിപ്പിക്കുമെന്നും റോയൽ കമീഷൻ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

