സ്റ്റാർ റിയാദിന് വീണ്ടും വോളി കിരീടം
text_fieldsനാഷനൽ ഡെവലപ്മെന്റ് അസോസിയേഷൻ
വോളിബാൾ ജേതാക്കളായ സ്റ്റാർ റിയാദ് ടീം
റിയാദ്: നാഷനൽ ഡെവലപ്മെന്റ് അസോസിയേഷൻ ദിലം സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റിൽ അൽഷാർക് ക്ലബ് അബാച്ചിയെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി സ്റ്റാർ റിയാദ് വോളിബാൾ ക്ലബ് വിജയകിരീടം ചൂടി. 25-22, 23-25, 25-15, 25-19 എന്ന സ്കോറിനാണ് കരുത്തരായ അൽഷാർക്കിനെ സ്റ്റാർ വോളി റിയാദ് മറികടന്നത്.
ഇന്ത്യൻ റെയിൽവേ, ഇന്ത്യൻ പി ആൻഡ് ടി, ഇന്ത്യൻ നേവി എന്നിവയിൽനിന്നുള്ള അതിഥി താരങ്ങളെ അണിനിരത്തിയാണ് സ്റ്റാർ റിയാദ് വിജയം കൈവരിച്ചത്. ഫൈനലിൽ വീറുള്ള പോരാട്ടമാണ് ഇരു ടീമുകളും പുറത്തെടുത്തത്. സൗദി വോളിബാൾ ഫെഡറേഷനാണ് അൽഖർജിന് സമീപം ദിലമിൽ മത്സരങ്ങൾ സംഘടിപ്പിച്ചത്.
ആറു ടീമുകൾ രണ്ടു ഗ്രൂപ്പുകളായി ലീഗടിസ്ഥാനത്തിൽ മത്സരിക്കുകയും ഇരു ഗ്രൂപ്പിലെയും വിജയികൾ ഫൈനലിൽ ഏറ്റുമുട്ടുകയും ചെയ്യുന്ന രീതിയിലായിരുന്നു ടൂർണമെൻറിന്റെ ഫിക്സ്ചർ. അധിക ടീമുകളും സൗദി ക്ലബുകളുടേതായിരുന്നു. ഫൈനൽ വിജയികളായ സ്റ്റാർ റിയാദ് 3,000 റിയാൽ കാഷ് അവാർഡും ട്രോഫിയും ഏറ്റുവാങ്ങി. അൽഖർജിൽ നിന്നുള്ള അൽഷാർക് ക്ലബ് റണ്ണേഴ്സിനുള്ള 2,000 റിയാൽ കാഷ് പ്രൈസും ട്രോഫിയും കരസ്ഥമാക്കി. മികച്ച അറ്റാക്കറായി അബ്ദുൽ അസീസ്, സെറ്ററായി ഹാരിസ്, ടൂർണമെൻറിലെ മികച്ച കളിക്കാരനായി ജുനൈദ്, ഫൈനൽ മത്സരത്തിലെ നല്ല കളിക്കാരനായി മുഹമ്മദ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

