ഹൂതികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം: അതിർത്തി കാക്കുന്ന സൈനികരോട് സൗദി ഗ്രാൻഡ് മുഫ്തി
text_fieldsറിയാദ്: വഴിപിഴച്ച ഹൂതി സംഘത്തിനെതിരെ ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്നും ക്ഷമയോടും ഉറച്ച മനസ്സാന്നിധ്യത്തോടും കൂടി കർത്തവ്യങ്ങളിൽ അടിയുറച്ചു നിൽക്കണമെന്നും അതിർത്തി കാക്കുന്ന സൈനികരോട് സൗദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിത സഭ ചെയർമാനുമായ ഡോ. സ്വാലിഹ് അൽ ഫൗസാൻ ആഹ്വാനം ചെയ്തു.
അതിർത്തി കാക്കുന്ന സൈനികർക്കും അറബ് സഖ്യസേനയ്ക്കും നൽകിയ പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിെൻറ അതിർത്തികൾ കാത്തുസൂക്ഷിക്കുന്നതും അതിക്രമങ്ങളെ ചെറുക്കുന്നതും ഏറ്റവും പവിത്രമായ കടമകളിൽ ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവസാമീപ്യം നേടാനുള്ള ഉത്തമ മാർഗ്ഗങ്ങളിലൊന്നാണിത്. വിശ്വാസത്തിലും നിലപാടുകളിലും വന്ന വീഴ്ചകളിൽ നിന്നാണ് ഹൂതി സംഘം രൂപമെടുത്തത്.
തിന്മയുടെ വക്താക്കളായ ഇവർ ശത്രുക്കളുടെ ഗൂഢാലോചനയുടെ ഭാഗമാണ്. വർഷങ്ങളായി തുടരുന്ന കലാപങ്ങളിലൂടെ സ്വന്തം ഭരണാധികാരികൾക്കെതിരെ വിപ്ലവം നയിക്കുകയും, രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കുകയുമാണ് ഹൂതികൾ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ മഹത്തായതും പവിത്രവുമായ ഒരു ദൗത്യത്തിലാണ് സൈനികർ ഏർപ്പെട്ടിരിക്കുന്നത്. രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുകയും വിശുദ്ധ സ്ഥലങ്ങളെ ലക്ഷ്യംവെക്കുകയും ചെയ്യുന്ന ശത്രുക്കൾക്കെതിരെയാണ് ഈ പോരാട്ടം എന്ന് തിരിച്ചറിയണം. അതിനാൽ നിരകൾക്കിടയിൽ ഐക്യം നിലനിർത്തുകയും, ദൈവമാർഗത്തിൽ ഉറച്ചുനിന്ന് പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയും വേണം.
ഭരണാധികാരികളോടും ഫീൽഡ് തലത്തിലെ കമാൻഡർമാരോടും പരിപൂർണ അനുസരണ കാണിക്കാനും ഉത്തരവുകൾ അതീവ കൃത്യതയോടെ നടപ്പാക്കാനും സൈനികർ എപ്പോഴും സന്നദ്ധരായിരിക്കണം. യമനിൽ നിയമപരമായ ഭരണകൂടത്തിന് കീഴിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്.
മറ്റു ഇസ്ലാമിക രാജ്യങ്ങളെപ്പോലെ യമനിലെ ജനങ്ങൾക്കും സമാധാനത്തിലും സുരക്ഷയിലും സമൃദ്ധിയിലും പുരോഗതിയിലുമെത്താൻ ഇത് അത്യാവശ്യമാണെന്നും സഖ്യസേനയുടെ സേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഗ്രാൻഡ് മുഫ്തി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

