ദമ്മാമിൽ മലയാളികൾ തമ്മിലുള്ള വാക്കുതർക്കത്തിനിടെ കൊല്ലം സ്വദേശിക്ക് കുത്തേറ്റു
text_fieldsദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ മലയാളികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. കൊല്ലം പത്തനാപുരം കാദിരി കടവ് വീട്ടിൽ സിറാജിന് (42) ആണ് പരിക്കേറ്റത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശിയെ ദമ്മാം പൊലീസ് അറസ്റ്റ് ചെയ്തു.
പരിക്കേറ്റ സിറാജ് ആശുപത്രിയിൽ ചികിത്സയിലാണ്. സഹോദരങ്ങളായ സ്പോൺസർമാരുടെ കീഴിൽ ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്നവരാണ് ഇരുവരും. വർഷങ്ങളായി സൗദിയിൽ ജോലി ചെയ്യുന്ന ഇവർ, ഒന്നര വർഷം മുമ്പാണ് ഒരു വീട്ടിലെ സഹോദരങ്ങളുടെ കീഴിൽ എത്തുന്നത്. ഒരേ മുറിയിലാണ് ഇവർ താമസിച്ചിരുന്നത്.
കഴിഞ്ഞ ഞായറാഴ്ച മെസ്സിലെ പണമിടപാടുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കം നടന്നിരുന്നു. ഇതിെൻറ തുടർച്ചയെന്നോണം, തിങ്കളാഴ്ച സിറാജ് പുകവലിക്കുന്നതിനിടയിൽ സിഗററ്റ് ചാരം തെൻറ ചെരിപ്പിൽ വീണെന്ന് പ്രതി ആരോപിക്കുകയും വാക്കുതർക്കമുണ്ടാവുകയും ചെയ്തു. പ്രകോപിതനായ പ്രതി സിറാജ് പുറത്തിരിക്കാൻ ഉപയോഗിച്ചിരുന്ന കസേര മാലിന്യപ്പെട്ടിയിൽ കൊണ്ടിടുകയും, ഇത് ചോദ്യം ചെയ്തതിനെത്തുടർന്ന് വാക്കേറ്റം രൂക്ഷമാവുകയും ചെയ്തു.
ഇതിനിടെ അടുക്കളയിൽ നിന്ന് കത്തിയുമായെത്തിയ പ്രതി സിറാജിെൻറ വയറിന് താഴെ കുത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്പോൺസറാണ് പരിക്കേറ്റ സിറാജിനെ ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചത്. തർക്കം നടക്കുന്നതിെൻറ തൊട്ടടുത്തുണ്ടായിരുന്ന വാഹനത്തിലെ ക്യാമറയിൽ നിന്ന് ദൃശ്യങ്ങൾ പരിശോധിച്ച് നിജസ്ഥിതി മനസ്സിലാക്കിയ സ്പോൺസർ തന്നെയാണ് പ്രതിയെ പൊലീസിന് കൈമാറിയത്.
നിലവിൽ സിറാജ് അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ശനിയാഴ്ച ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അറസ്റ്റിലായ പ്രതി അച്ഛെൻറ മരണത്തെത്തുടർന്ന് ഒരു മാസം മുമ്പ് നാട്ടിൽ പോയി തിരിച്ചെത്തിയ ആളാണ്. അന്ന് അയാളെ എയർപോർട്ടിൽ കൊണ്ടുവിട്ടതും തിരിച്ചെടുത്തതും സിറാജ് തന്നെയായിരുന്നു.
ഒരേ മുറിയിൽ താമസിക്കുന്നവർ തമ്മിലുള്ള തർക്കത്തിൽ പെട്ടെന്നുള്ള ദേഷ്യത്തിൽ ആയുധങ്ങൾ ഉപയോഗിക്കുന്നത് ചെറിയ കാര്യങ്ങളെപ്പോലും ഗുരുതരമായ കൃത്യങ്ങളിലേക്ക് നയിക്കുമെന്ന് സംഭവത്തോട് പ്രതികരിച്ച സാമൂഹികപ്രവർത്തകൻ മൻസൂർ നവോദയ വ്യക്തമാക്കി.
സിറാജിന് ഏറ്റ പരിക്കുകൾ ഗുരുതരമല്ലെങ്കിലും, പ്രതി നിലവിൽ ജയിലിലാണെന്നും വിശദമായ അന്വേഷണങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ദമ്മാം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതെസമയം സിറാജിന് ഗുരുതരമായി പരിക്കേറ്റെന്നും ജീവൻ അപകടത്തിലാണെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

