വർഷങ്ങളായി ദുരിത പ്രവാസം; ശ്രീലങ്കൻ യുവതിക്കും കുട്ടികൾക്കും വനിതാ കെ.എം.സി.സി തുണയായി
text_fieldsനാട്ടിലേക്ക് തിരിക്കും മുമ്പ് ഖദീജയും മക്കളും സാമൂഹികപ്രവർത്തകരോടൊപ്പം
റിയാദ്: വർഷങ്ങളായി ദുരിത ജീവിതം നയിച്ചിരുന്ന ശ്രീലങ്കൻ യുവതിയും മൂന്ന് കുട്ടികളും റിയാദ് വനിത കെ.എം.സി.സിയുടെ കാരുണ്യത്തിൽ നാടണഞ്ഞു. പുഷ്പലത എന്ന ഖദീജയും മക്കളായ മുഹമ്മദ് സിയാൻ (ഏഴ്), മിസ്ല ഫർവീൻ (നാല്), അബ്ദുൽ റൈസാൻ (രണ്ട്) എന്നിവരാണ് നാടണഞ്ഞത്. 13 വർഷം മുമ്പ് വീട്ടുജോലിക്കാരിയുടെ വിസയിൽ സൗദിയിലെ അൽ ഖുറയ്യാത്തിലെത്തിയ പുഷ്പലത സ്പോൺസറുടെ മാനസിക രോഗിയായ ഉമ്മയെ പരിചരിച്ചു വരികയായിരുന്നു. ഒന്നര വർഷത്തിന് ശേഷം വീട്ടുകാരുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ ഒളിച്ചോടി റിയാദിലെത്തുകയും നിയമവിരുദ്ധമായി മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുകയുമായിരുന്നു.
ഇതിനിടയിൽ മലയാളിയായ മുസ്തഫയെ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്തു. ഇസ്ലാം മതം സ്വീകരിച്ച പുഷ്പലത ഖദീജ എന്ന പേര് സ്വീകരിച്ചു. വ്യാജ രേഖയുണ്ടാക്കി മുസ്തഫയുടെ കൂടെ ജീവിക്കാൻ തുടങ്ങി. ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് കുട്ടികളുണ്ടായി. കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റുൾപ്പടെ മറ്റു രേഖകളൊന്നും ലഭിച്ചില്ല. ഇതിനിടയിൽ നിയമവിരുദ്ധമായി ശുമൈസിയിൽ ജോലി ചെയ്തിരുന്ന മുസ്തഫ രണ്ട് വർഷം മുമ്പ് പൊലീസ് പിടിയിലായി ജയിലിൽ അടക്കപ്പെട്ടു.
ശേഷം അടുത്ത പരിചയക്കാരുടെ സഹായത്തിലാണ് ഖദീജയും കുട്ടികളും കഴിഞ്ഞുപോന്നിരുന്നത്. തടവിലാക്കപ്പെട്ട മുസ്തഫയെ നാടുകടത്തുകയും ചെയ്തതോടെ തീർത്തും ഒറ്റപ്പെട്ടുപോയ ഖദീജയുടെയും മക്കളുടെയും വിവരങ്ങളറിഞ്ഞ റിയാദ് കെ.എം.സി.സി വനിത വിങ് പ്രവർത്തകർ അവർക്ക് തണലൊരുക്കുകയായിരുന്നു. അവർ താമസിച്ചിരുന്ന വാടക മുറിയുടെ ഒരു വർഷത്തെ കുടിശ്ശിക നൽകുകയും ഭക്ഷണ സാധനങ്ങൾ എത്തിക്കുകയും ചെയ്തു.
ആറ് മാസത്തിന് ശേഷം വാടക നൽകാത്തതിനെത്തുടർന്ന് വീട്ടുടമസ്ഥൻ ഖദീജയേയും കുട്ടികളെയും ഇറക്കിവിട്ടു. ശ്രീലങ്കൻ എംബസിയിൽ അഭയം തേടിയ ഖദീജക്കും കുട്ടികൾക്കും രേഖകളൊന്നും ഇല്ലാത്തതിനാൽ തിരിച്ചയച്ചു. പോകാൻ മറ്റൊരു ഇടമില്ലാതായതോടെ വനിത കെ.എം.സി.സി പ്രസിഡന്റ് റഹ്മത്ത് അഷ്റഫ് അവരുടെ സംരക്ഷണം ഏറ്റെടുത്തു. കഴിഞ്ഞ എട്ട് മാസമായി സ്വന്തം കൂടപ്പിറപ്പുകളെ പോലെ സംരക്ഷിച്ചു.
ഖദീജയുടെയും മക്കളുടേയും രേഖകൾ ശരിയാക്കി നാട്ടിലേക്കയക്കുന്നതിനുള്ള രേഖകൾ ശരിയാക്കാൻ സിദ്ധീഖ് തുവ്വൂർ മുന്നോട്ട് വന്നു. ശ്രീലങ്കൻ എംബസിയിലെ ഉദ്യോഗസ്ഥരുമായി നിരന്തരമുള്ള ഇടപെടലുകളുടെ ശ്രമഫലമായി എട്ട് മാസത്തിന് ശേഷം രേഖകൾ മുഴുവൻ ശരിയാക്കി ദമാമിലെ സാമൂഹിക പ്രവർത്തകരായ വെങ്കിടേഷ്, നാസ് വക്കം എന്നിവരുടെ സഹായത്താൽ എയർപോർട്ട് വഴി കഴിഞ്ഞ ദിവസം യുവതിയേയും കുഞ്ഞുങ്ങളേയും ശ്രീലങ്കയിലേക്ക് യാത്രയാക്കി.
ശ്രീലങ്കൻ എംബസി ഉദ്യോഗസ്ഥനായ ഹമീദ്, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റഅ സി.പി. മുസ്തഫ, സെൻട്രൽ കമ്മിറ്റി ട്രഷററും റഹ്മത്ത് അഷ്റഫിെൻറ ഭർത്താവുമായ അഷ്റഫ് വെള്ളപ്പാടത്, അബ്ദുറഹീം ആലുവ, യൂസഫ് പെരിന്തൽമണ്ണ, ഷംന രഹ്നാസ്, വനിത കെ.എം.സി.സി കമ്മിറ്റി ജനറൽ സെക്രട്ടറി ജസീല മൂസ, മറ്റു ഭാരവാഹികളായ ഹസീന സൈതലവി, നജ്മ ഹാഷിം, തിഫ്ല അനസ്, സബിത മുഹമ്മദലി, സാറ നിസാർ, ഹസ്ബിന നാസർ, ഫസ്ന ഷാഹിദ് തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ സഹായ ഹസ്തവുമായി കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

