കായിക മന്ത്രി ഇൻറർനാഷനൽ സ്പോർട്സ് അക്കോർഡ് അവാർഡ് ഏറ്റുവാങ്ങി
text_fieldsകായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ ഇൻറർനാഷനൽ സ്പോർട്സ് അക്കോർഡ് അവാർഡ് ഏറ്റുവാങ്ങിയപ്പോൾ
റിയാദ്: സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റിക്ക് ലഭിച്ച സ്പോർട്സ് അക്കോർഡ് അന്താരാഷ്ട്ര അവാർഡ് സൗദി കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡൻറുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ ഏറ്റുവാങ്ങി. സൗദി ഒളിമ്പിക്സ് ആൻഡ് പാരാലിമ്പിക് കമ്മിറ്റിക്ക് സമ്മാനിച്ച അവാർഡ് ബ്രിട്ടനിലെ ബർമിങ്മിൽ നടന്ന സ്പോർട്സ് അക്കോർഡ് കൺവെൻഷനിലാണ് മന്ത്രി ഏറ്റുവാങ്ങിയത്. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡൻറ് തോമസ് ബാച്ചിൻ, അസോസിയേഷൻ ഓഫ് നാഷനൽ ഒളിമ്പിക് കമ്മിറ്റികളുടെ പ്രസിഡൻറ് റോബിൻ മിച്ചൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റിക്ക് ഈ അവാർഡ് നൽകിയത് നൂറിലധികം അന്താരാഷ്ട്ര സംഘടനകളും വിവിധ രാജ്യങ്ങളിൽനിന്നുള്ള 30,000 കുട്ടികളും പങ്കെടുക്കുന്ന ഇൻറർനാഷനൽ വെർച്വൽ യൂത്ത് ഫെസ്റ്റിവൽ 2021-ൽ ആതിഥേയത്വം വഹിച്ചതിനാണ്. അതോടൊപ്പം കഴിഞ്ഞ വർഷം റിയാദ് നഗരം ലോക ആയോധന കലകൾക്കായുള്ള വേൾഡ് ഗെയിംസിന് ആതിഥേയത്വം വഹിച്ചതിനുമാണ്. 120ലധികം അന്താരാഷ്ട്ര രാജ്യങ്ങളെ പ്രതിനിധീകരിച്ച് പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 1500ലധികം കളിക്കാരാണ് അതിൽ പങ്കെടുത്തത്.
സ്പോർട്സ് അക്കോഡ് അന്താരാഷ്ട്ര അവാർഡ് നൽകിയുള്ള ആദരവിന് കായിക മന്ത്രി അന്താരാഷ്ട്ര സ്പോർട്സ് അക്കോർഡ് ഓർഗനൈസേഷന് നന്ദിയും അഭിനന്ദനവും അറിയിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഉദാരവും പരിധിയില്ലാത്തതുമായ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ അന്താരാഷ്ട്ര വെർച്വൽ യൂത്ത് ഫെസ്റ്റിവലും വേൾഡ് ഗെയിംസും ആതിഥേയത്വം വഹിക്കുന്നതിൽ വിജയംവരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കായിക മേഖലക്ക് മഹത്തായ പിന്തുണയാണ് ഭരണകൂടം നൽകിവരുന്നത്. ഇതിലൂടെ അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനും നിരവധി വിജയങ്ങൾ നേടാനും കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

