ലോകകപ്പിന് വരവേൽപുമായി ദമ്മാമിലെ കായികപ്രേമികള്‍
text_fieldsഫാൻസ് മത്സരത്തിൽ വിജയികളായ ബ്രസീൽ ടീമിന് ഡിഫ ചെയർമാൻ വില്‍ഫ്രഡ് ആന്‍ഡ്രൂസ് ട്രോഫി സമ്മാനിക്കുന്നു
ദമ്മാം: പ്രവാസി കായികപ്രേമികള്‍ ലോകകപ്പിന് വരവേൽപ് നല്കി ദമ്മാമില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഖത്വീഫ് സ്റ്റേഡിയത്തില്‍ ദല്ലാ എഫ്.സിയുമായി സഹകരിച്ച് ദമ്മാം ഇന്ത്യന്‍ ഫുട്ബാൾ അസോസിയേഷന് (ഡിഫ) ആണ് പരിപാടികൾ സംഘടിപ്പിച്ചത്.
പ്രമുഖ താരങ്ങള്‍ അണിനിരന്ന അര്‍ജന്റീന ഫാന്‍സും ബ്രസീല്‍ ഫാന്‍സും തമ്മില്‍ നടന്ന മത്സരം കാണികള്‍ക്ക് ആവേശം പകർന്നു. ആദ്യ പകുതിയില്‍ ഫവാസ് അര്‍ജന്റീനക്കുവേണ്ടി ആദ്യ ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ ജാഫറും നിസാമും ഗോള്‍ നേടി ബ്രസീല്‍ ടീമിന് വിജയം സമ്മാനിച്ചു. ശക്തമായ മത്സരമാണ് സ്റ്റേഡിയത്തില്‍ ഇരു ടീമുകളും കാഴ്ചവെച്ചത്. ഖത്തര്‍ ലോകകപ്പിന് അഭിവാദ്യമര്‍പ്പിച്ച് നടന്ന കൂട്ടയോട്ടത്തിൽ വിവിധ രാജ്യങ്ങളുടെ ടീമിന്റെ ജഴ്സി ധരിച്ച് നിരവധി പേര് അണിനിരന്നു.
ലോകകപ്പില്‍ പങ്കെടുക്കുന്ന സൗദി ടീമിന് അഭിവാദ്യമര്‍പ്പിച്ച് കൂട്ടയോട്ടത്തിൽ പങ്കെടുത്ത ദല്ലാ എഫ്.സി വളന്റിയര്‍മാര്‍ പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി. ഖത്തര്‍ ലോകകപ്പില്‍ ഇക്കുറി മുത്തമിടാന്‍ സാധിക്കുമെന്നും ഇഷ്ട താരങ്ങളായ മെസ്സിയുടേയും നെയ്മറിന്റേയും റൊണാൾഡോയുടെയും മാസ്മരിക കളിയഴകിനായിരിക്കും ഇക്കുറി ലോക കാല്‍പന്തുപ്രേമികള്‍ സാക്ഷിയാവുകയെന്ന് ഫുട്ബാൾ ആരാധകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
വിജയികള്‍ക്കുള്ള ഒലിവര്‍ മെമ്മോറിയല്‍ ട്രോഫി ഡിഫ ചെയര്മാന് വില്‍ഫ്രഡ് ആന്‍ഡ്രൂസ് സമ്മാനിച്ചു. കോവിഡ് കാലത്തിനുശേഷം ആരാധകസാന്നിധ്യത്തോടെ അരങ്ങേറുന്ന ഏറ്റവും വലിയ കായികമേളക്കാണ് ഖത്തർ വേദിയാവുന്നതെന്ന് ദമ്മാം ഇന്ത്യന്‍ ഫുട്ബാൾ അസോസിയേഷന് (ഡിഫ) പ്രസിഡന്റ് മുജീബ് കളത്തില്‍ ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു. സൗദി ടീമിന് കാൽപന്തുപ്രേമികൾ വിജയാശംസകൾ നേർന്നു.
ഡിഫ ഭാരവാഹികളായ അഷ്റഫ് എടവണ്ണ, മന്‍സൂര്‍ മങ്കട, ലിയാക്കത്ത് കരങ്ങാടന്‍, നാസര്‍ വെള്ളിയത്ത്, മുജീബ് പാറമ്മല്‍, ഖലീല്‍ പൊന്നാനി, സഹീര്‍ മജ്ദാല്‍, ജാബിര്‍ ഷൗക്കത്ത്, ജൗഹർ കുനിയില്‍, ആശി നെല്ലിക്കുന്ന്, അസു കോഴിക്കോട്, മണി പത്തിരിപ്പാല, ശരീഫ് മാണൂര്‍, ശുക്കൂര്‍ അല്ലിക്കല്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഷൗക്കത്ത് പാളൂർ, സദർ കൊങ്ങാട്, ജബ്ബാർ അറക്കൽ, സൻഫീർ കല്ലിങ്ങൽ, ഷിബിലി അല്ലിക്കൽ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

