ശൈഖുൽ ഇസ് ലാം ഇബ്നു തൈമിയ്യ സെന്റർ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsജിദ്ദയിലെ ശൈഖുൽ ഇസ് ലാം ഇബ്നു തൈമിയ്യ സെന്റർ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച
കായിക മത്സരങ്ങൾ അഹ് ദാബ് സ്കൂൾ പ്രിൻസിപ്പൽ അൻവർ ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിന് കീഴിലുള്ള ശൈഖുൽ ഇസ് ലാം ഇബ്നു തൈമിയ്യ സെന്റർ വിദ്യാർഥികൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ആൺകുട്ടികളെയും പെൺകുട്ടികളെയും സീനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളാക്കി ബ്ലൂ, യെല്ലോ, ഗ്രീൻ, റെഡ് എന്നീ ഹൗസുകളാക്കി തിരിച്ചാണ് കായിക മത്സരങ്ങൾ നടന്നത്.
അസ്ഫാനിലെ അൽസഫ്വാ ഇസ്തിറാഹയിൽ നാല് ഹൗസുകളുടെയും മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച കായിക മത്സരങ്ങളിൽ ഹൗസ് ലീഡർമാരിൽ നിന്നും സല്യൂട്ട് സ്വീകരിച്ച് അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ അൻവർ ഷാജഹാൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
കായിക മാമാങ്കത്തിൽ ഓട്ട മത്സരം, കബഡി, ഫുട്ബാൾ, ബലൂൺ ബെസ്റ്റിങ്, മ്യൂസിക്കൽ ചെയർ, ബാൾ ഗാതറിങ്, റിലെ മത്സരം, സാക്ക് റെയ്സ്, റിങ് പാസിങ്, ലെമൺ ഇൻ സ്പൂൺ, വടംവലി തുടങ്ങിയ ഇനങ്ങളിൽ മികച്ച പോരാട്ടം വിദ്യാർഥികൾ കാഴ്ചവെച്ചു. ആൺകുട്ടികളിൽ 63 പോയിന്റ് നേടി ഗ്രീൻ ഹൗസും പെൺകുട്ടികളിൽ 69 പോയിന്റ് നേടി റെഡ് ഹൗസും ഒന്നാമതെത്തി. സീനിയർ ആൺകുട്ടികളിൽ റിഹാനും (യെല്ലോ ഹൗസ്), സയീം മൻസൂറും (ഗ്രീൻ ഹൗസ്), സീനിയർ പെൺകുട്ടികളിൽ ജെന്നാ മെഹക്കും (ഗ്രീൻ ഹൗസ്), ജൂനിയർ ആൺകുട്ടികളിൽ റയാനും (റെഡ് ഹൗസ്), ജൂനിയർ പെൺകുട്ടികളിൽ റുവാ ഹനീനും (റെഡ് ഹൗസ്) വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
അബ്ദുൽ റഊഫ് തിരൂരങ്ങാടി മത്സരാർഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും പരിശീലനവും നൽകി. മത്സരത്തിൽ വിജയികളായവർക്ക് ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ ഭാരവാഹികളും ശൈഖുൽ ഇസ് ലാം ഇബ്നു തൈമിയ സെന്റർ അധ്യാപകരും മെഡലുകൾ സമ്മാനിച്ചു.
ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ ഭാരവാഹികളും സെന്റർ വളണ്ടിയേഴ്സും കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള കലാപരിപാടികൾ ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

