ഇന്ത്യൻ മുസ്ലിംകളുടെ പുരോഗതിക്ക് ക്രിയാത്മക പദ്ധതികൾ അനിവാര്യം -ഡോ. സുബൈർ ഹുദവി ചേകന്നൂർ
text_fieldsജിദ്ദയിൽ എസ്.ഐ.സി, ഹാദിയ, ദാറുൽ ഹുദ സ്വീകരണ പരിപാടിയിൽ ഡോ. സുബൈർ ഹുദവി ചേകന്നൂർ പ്രഭാഷണം
നടത്തുന്നു
ജിദ്ദ: വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കംനിൽക്കുന്ന ഉത്തരേന്ത്യൻ മുസ്ലിംകളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ ക്രിയാത്മക പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ടെന്ന് ഖുർതുബ വെൽഫെയർ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. സുബൈർ ഹുദവി ചേകന്നൂർ പറഞ്ഞു. ഖുർതുബ ഫൗണ്ടേഷന് കീഴിൽ ബിഹാറിലെ പിന്നാക്ക പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്ന മത, ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നേതൃപരിശീലന സംരംഭങ്ങളും വലിയ പ്രതീക്ഷ നൽകുന്നതാണെന്നും ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പിന്തുണയും സഹായവും വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.സി ജിദ്ദ, ഹാദിയ ജിദ്ദ, ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി എന്നീ സംഘടനകൾ സംയുക്തമായി ജിദ്ദ ബാഗ്ദാദിയ്യ എസ്.ഐ.സി ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുമ്പ് വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇന്ത്യൻ മുസ്ലിംകളുടെ സംഭാവന വളരെ വലുതാണെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം പലകാരണങ്ങളാൽ കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടായില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും വളരെ മുമ്പ് സ്ഥാപിതമായ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി, ഹംദർദ് യൂനിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പക്ഷേ, സ്വതന്ത്ര ഭാരതത്തിൽ കാര്യമായി ഉണ്ടായില്ലെന്നത് ഖേദകരമായ വസ്തുതയാണ്. മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നീക്കിവെക്കപ്പെട്ട കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഫണ്ട് ഉപയോഗപ്പെടുത്തുന്നതടക്കമുള്ള അടിസ്ഥാന വിഷയങ്ങളിൽ പോലും പ്രബുദ്ധത കൈവരിക്കാൻ ഉത്തരേന്ത്യൻ മുസ്ലിംകൾക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. അതിനാൽ തന്നെ ഇന്ത്യൻ മുസ്ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റത്തിന് വലിയ അധ്വാനം ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി, ജിദ്ദ ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി, ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർ ആശംസകൾ നേർന്നു. എസ്.ഐ.സി മക്ക പ്രൊവിൻസ് പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ പ്രാർഥന നടത്തി. ജിദ്ദ ചെയർമാൻ നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി സ്വാഗതവും ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി എം.എ. കോയ മൂന്നിയൂർ നന്ദിയും പറഞ്ഞു. സുബൈർ ഹുദവി പട്ടാമ്പി, മുഹമ്മദ് ഷാഫി ഹുദവി, അബ്ദുൽ ജബ്ബാർ ഹുദവി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

