കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക ചെക്ക് ഇൻ ഏരിയ: ഫ്ലൈനാസ് സേവനം ജിദ്ദയിലും
text_fieldsജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഫ്ലൈനാസ് ഒരുക്കിയ പ്രത്യേക ചെക്ക് ഇൻ ഏരിയ
ജിദ്ദ: സൗദിയിലെ ബജറ്റ് എയർലൈൻസായ ഫ്ലൈനാസ് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക ചെക്ക് ഇൻ ഏരിയക്ക് തുടക്കം കുറിച്ചു.
അടുത്തിടെ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച ഈ സൗകര്യം, രാജ്യത്ത് നടപ്പാക്കുന്ന ആദ്യ വിമാനക്കമ്പനിയാണ് ഫ്ലൈനാസ്. കുട്ടികൾക്കും കുടുംബങ്ങൾക്കും സന്തോഷകരവും ആകർഷകവുമായ യാത്രാനുഭവം നൽകുന്നതിനുള്ള ഫ്ലൈനാസിന്റെ പ്രതിബദ്ധതയാണ് ഈ പുതിയ സംരംഭത്തിലൂടെ വ്യക്തമാകുന്നത്.
ശോഭയുള്ള നിറങ്ങളിൽ മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പുതിയ സേവന കേന്ദ്രങ്ങൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള ചെക്ക് ഇൻ നടപടികൾ എളുപ്പത്തിലാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും ലക്ഷ്യമിടുന്നു. ഉപഭോക്താക്കളുടെ പ്രതീക്ഷകളോടുള്ള ഫ്ലൈനാസിന്റെ പ്രതികരണവും സേവന നവീകരണത്തിലും ഉപഭോക്തൃ സംതൃപ്തിയിലുമുള്ള ശ്രദ്ധയും ഈ നൂതന സംരംഭം പ്രതിഫലിപ്പിക്കുന്നു.
'അവരെ അവരുടെ യാത്രയുടെ നായകന്മാരാക്കൂ' എന്ന മുദ്രാവാക്യമുയർത്തിയാണ് ജിദ്ദ വിമാനത്താവളത്തിലെ പുതിയ സേവന കേന്ദ്രം. വേഗത മാത്രമല്ല, സൗകര്യപ്രദവും ആസ്വാദ്യകരവുമായ യാത്രാനുഭവത്തിന്റെ തുടക്കം കൂടിയാണ് ഈ സൗകര്യം അവർക്ക് നൽകിയത്. ഈ മേഖലയിലെ കുടുംബ യാത്രകൾക്ക് പ്രിയപ്പെട്ട കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായി ഫ്ലൈനാസിനെ ശക്തിപ്പെടുത്താനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണിത്.
ക്യാപ്റ്റൻ ഫർനാസ് എന്ന ഫ്ലൈനാസ് മാസ്കോട്ടിന്റെ ചിത്രങ്ങളും വർണ്ണാഭമായ ഫ്ലൈനാസ് ലോഗോയും കൊണ്ട് അലങ്കരിച്ച, കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത പ്ലാറ്റ്‌ഫോം ഈ സംരംഭത്തിന്റെ സവിശേഷതയാണ്. നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനൊപ്പം, കുടുംബ യാത്രികരുടെ ആവശ്യങ്ങൾക്കായി പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെയാണ് ഈ പുതിയ സേവന കേന്ദ്രങ്ങളിൽ നിയമിച്ചിരിക്കുന്നത്. കുട്ടികളുടെ സീറ്റുകൾ, സ്ട്രോളറുകൾ, ശിശുക്കളുമായി യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന അധിക ബാഗേജുകൾ കൈകാര്യം ചെയ്യൽ, കുട്ടികൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ബോർഡിംഗ് പാസുകൾ നൽകൽ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സമഗ്രമായ യാത്രാനുഭവം നൽകാനുള്ള ഫ്ലൈനാസിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ചൈൽഡ് ആൻഡ് ഫാമിലി ചെക്ക് ഇൻ സർവീസ്. പുതിയ സേവനം ഫ്ലൈനാസിന്റെ പ്രധാനപ്പെട്ട ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അടുത്ത മാസങ്ങളിൽ വ്യാപിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
ലോകത്തിലെ മുൻനിര കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയും മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ലോ കോസ്റ്റ് കാരിയറുമാണ് ഫ്ലൈനാസ്. സൗദി പ്രധാന വിപണിയിൽ (തദാവുൽ) ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ എയർലൈനും ഫ്ലൈനാസാണ്. 30 രാജ്യങ്ങളിലായി 70 ലധികം ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് 139 റൂട്ടുകളിൽ 2,000-ത്തിലധികം പ്രതിവാര സർവീസുകൾ ഫ്ലൈനാസ് നടത്തുന്നു. 2007-ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ എട്ട് കോടിയിലധികം യാത്രക്കാരെയാണ് കമ്പനി ഇതിനോടകം വഹിച്ചത്. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി വളർച്ചാ വികസന പദ്ധതിയുടെ ഭാഗമായി 165 ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ എത്തിക്കാൻ ഫ്ലൈനാസ് ലക്ഷ്യമിടുന്നു.
ഫ്ലൈനാസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കുന്ന കോൾ സെന്റർ (920001234), അല്ലെങ്കിൽ ട്രാവൽ ഏജന്റുമാർ വഴി ഫ്ലൈനാസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

