അത്യാഹിത സേവനത്തിനായി സൗദിയിൽ പ്രത്യേക ‘ആംബുലൻസ് ഫണ്ട്’
text_fieldsസൗദി റെഡ് ക്രസൻറ്, ഹെൽത്ത് എൻഡോവ്മെന്റ് ഫണ്ട് പ്രതിനിധികൾ ധാരണാപത്രം
ഒപ്പുവെക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ അത്യാഹിത ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുമായി സൗദി റെഡ് ക്രസൻറ് അതോറിറ്റിയും ഹെൽത്ത് എൻഡോവ്മെന്റ് ഫണ്ടും തമ്മിൽ തന്ത്രപ്രധാനമായ സഹകരണ കരാറിൽ ഒപ്പുവെച്ചു. രാജ്യത്തെ അടിയന്തര ചികിത്സാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഒരു പ്രത്യേക ‘ആംബുലൻസ് ഫണ്ട്’ രൂപവത്കരിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം.
അത്യാഹിത സേവനങ്ങൾക്ക് സ്ഥിരമായ സാമ്പത്തിക സ്രോതസ്സ് ഉറപ്പാക്കാനാണ് ആംബുലൻസ് ഫണ്ട് രൂപവത്കരിക്കുന്നത്. നിയമപരവും മതപരവുമായ നിബന്ധനകൾ പാലിച്ച് എൻഡോവ്മെന്റ് വഴിയും അല്ലാതെയും സംഭാവനകൾ സ്വീകരിക്കും. ആംബുലൻസ് സേവനങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും അത്യാഹിത ഘട്ടങ്ങളിൽ വേഗത്തിലുള്ള ഇടപെടൽ ഉറപ്പാക്കുകയും ചെയ്യും. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന വരുമാനം മുൻഗണനാടിസ്ഥാനത്തിലുള്ള അടിയന്തര ചികിത്സാ പ്രോഗ്രാമുകൾക്കായി വിനിയോഗിക്കും. ഇത് അത്യാഹിതങ്ങളോടുള്ള പ്രതികരണ സമയം കുറയ്ക്കാനും ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. അതുവഴി കൂടുതൽ ജീവനുകൾ രക്ഷിക്കാനാകുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. സേവനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം, ജീവകാരുണ്യ പ്രവർത്തനങ്ങളെ നേരിട്ട് ആരോഗ്യ സേവനങ്ങളുമായി ബന്ധിപ്പിക്കുന്ന മികച്ച മാതൃകയാകും ഈ പുതിയ ഫണ്ടെന്ന് സൗദി റെഡ് ക്രസൻറ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

