'സ്പിയേഴ്സ് ഓഫ് വിക്ടറി 2026' ദമ്മാമിൽ വൻശക്തികളുടെ വ്യോമാഭ്യാസത്തിന് തുടക്കമായി
text_fieldsവ്യോമ സൈനിക അഭ്യാസം ‘സ്പിയേഴ്സ് ഓഫ് വിക്ടറി 2026’ നടക്കുന്ന എയർ വാർഫെയർ സെന്ററിൽ റോയൽ സൗദി വ്യോമസേന കമാൻഡർ ലെഫ്റ്റനന്റ് ജനറൽ അമീർ തുർക്കി ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് സന്ദർശിച്ചപ്പോൾ
ദമ്മാം: ആധുനിക യുദ്ധതന്ത്രങ്ങളുടെയും രാജ്യാന്തര സൈനിക സഹകരണത്തിന്റെയും കരുത്തുറ്റ പ്രകടനവുമായി ‘സ്പിയേഴ്സ് ഓഫ് വിക്ടറി 2026’ വ്യോമാഭ്യാസത്തിന് കിഴക്കൻ മേഖലയിൽ തുടക്കമായി. സൗദി അറേബ്യയിലെ എയർ വാർഫെയർ സെന്റർ ആതിഥേയത്വം വഹിക്കുന്ന ഈ ബൃഹത്തായ സൈനികാഭ്യാസത്തിൽ സൗദി സായുധ സേനകൾക്കൊപ്പം 15 സഖ്യകക്ഷികളും പങ്കുചേരുന്നു. സൗദി അറേബ്യയുടെ കര, വ്യോമ, നാവിക, വ്യോമ പ്രതിരോധ സേനകൾക്ക് പുറമെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള സൈനിക വ്യൂഹങ്ങളും ഇതിൽ അണിനിരക്കുന്നു. ബഹ്റൈൻ, ഒമാൻ, ഖത്തർ, ജോർഡൻ, മൊറോക്കോ, യു.എസ്.എ, യു.കെ, ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, പാകിസ്താൻ, ബംഗ്ലാദേശ്, മലേഷ്യ, തുർക്കി എന്നീ രാജ്യങ്ങളാണ് സൗദിക്കൊപ്പം അണിചേരുന്നത്.
ഇവ കൂടാതെ സൗദി നാഷനൽ ഗാർഡ് മന്ത്രാലയം, പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി, ജി.സി.സി ഏകീകൃത സൈനിക കമാൻഡ് എന്നിവരും ദൗത്യത്തിൽ ഭാഗമാണ്. യുദ്ധമേഖലയിലെ പ്രവർത്തന ഏകോപനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്തിരിക്കുന്ന അഭ്യാസത്തിൽ ഇലക്ട്രോണിക്, സൈബർ യുദ്ധമുറകളിലെ നൈപുണ്യം വിലയിരുത്തൽ, വിവിധ രാജ്യങ്ങളിലെ സേനകൾ തമ്മിലുള്ള സംയോജിത പ്രവർത്തന സന്നദ്ധത ഉറപ്പാക്കൽ, സാങ്കേതിക ഉദ്യോഗസ്ഥരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക സെഷനുകളും പ്രഭാഷണങ്ങളും നടത്തൽ എന്നിവക്കാണ് മുൻഗണന.
മേഖലയിലെയും അന്തർദേശീയ തലത്തിലെയും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിൽ സൗദി അറേബ്യ വഹിക്കുന്ന നിർണായക പങ്കിന്റെ അടയാളമാണിതെന്ന് റോയൽ സൗദി വ്യോമസേന കമാൻഡർ ലെഫ്റ്റനന്റ് ജനറൽ അമീർ തുർക്കി ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം അദ്ദേഹം അഭ്യാസ കേന്ദ്രങ്ങൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തി. അൽ ഹുഫൂഫിലെ വിപുലമായ വ്യോമതാവളത്തിലും അദ്ദേഹം സന്ദർശനം നടത്തി.
നിലവിലുള്ളതും ഭാവിയിൽ ഉയർന്നു വന്നേക്കാവുന്നതുമായ ഭീഷണികളെ നേരിടാൻ സായുധ സേന സജ്ജമാണെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഏറ്റവും നൂതനമായ പരിശീലന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നടത്തുന്ന ‘സ്പിയേഴ്സ് ഓഫ് വിക്ടറി 2026’, മേഖലയിലെ ഏറ്റവും സ്വാധീനമുള്ള സൈനികാഭ്യാസങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

