സാമ്പത്തിക വെല്ലുവിളി നേരിടാൻ അന്താരാഷ്ട്ര ഏകോപനം വേണം; ജി20 ഉച്ചകോടിയിൽ സൗദി വിദേശകാര്യ മന്ത്രി
text_fieldsജൊഹാനസ്ബർഗിൽ ആരംഭിച്ച ജി20 ഉച്ചകോടിയിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രസംഗിക്കുന്നു
റിയാദ്: സാമ്പത്തിക വികസനവും സ്ഥിരതയും ഉറപ്പാക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തിലും നിലവിലുള്ള ആഗോള വെല്ലുവിളികൾക്ക് സ്ഥിരമായ അന്താരാഷ്ട്ര ഏകോപനവും സംയോജിത സമീപനവും ആവശ്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ നഗരമായ ജൊഹാനസ്ബർഗിൽ ശനിയാഴ്ച ആരംഭിച്ച ജി20 ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ടൂറിസം, സാങ്കേതികവിദ്യ, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഉത്തരവാദിത്ത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന എക്സിക്യൂട്ടിവ് ചട്ടക്കൂടുകൾ സൗദി വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
ജനങ്ങളുടെ ക്ഷേമം വർധിപ്പിക്കുന്നതിനും ഭാവി തലമുറകൾക്കായി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള സമഗ്രവും സന്തുലിതവുമായ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിന് 2030 വരെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ജി20 യുടെ ശ്രമങ്ങളെ പൊരുത്തപ്പെടുത്തേണ്ടതിെൻറ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. ചില രാജ്യങ്ങളുടെ കടബാധ്യത, ഭക്ഷ്യ-ഊർജ സുരക്ഷ, കാലാവസ്ഥ വ്യതിയാനം, ഡിജിറ്റൽ പരിവർത്തനം എന്നിവയുൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ നേരിടുന്നതിന് അന്താരാഷ്ട്ര സഹകരണവും സാമ്പത്തിക വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാക്കുന്ന ഒരു സംയോജിത സമീപനവും ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായ സാമ്പത്തിക ഒഴുക്ക് തടയേണ്ടതിെൻറയും രാജ്യങ്ങളുടെ വിഭവങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കേണ്ടതിെൻറയും ആവശ്യകത വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. കൂടുതൽ സുതാര്യവും സ്ഥിരതയുള്ളതുമായ സാമ്പത്തിക സംവിധാനങ്ങളുടെ വികസനത്തിന് സംഭാവന നൽകുന്നതിനായി വൈദഗ്ധ്യവും മികച്ച രീതികളും കൈമാറുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികൾക്ക് അതിർത്തികൾ തിരിച്ചറിയാൻ കഴിയില്ലെന്നും വർധിച്ചുവരുന്ന അസമത്വം, ആഗോള സാമ്പത്തിക പ്രതിസന്ധി, വർധിച്ചുവരുന്ന പ്രാദേശിക, അന്തർദേശീയ സംഘർഷങ്ങൾ എന്നിവയുടെ വെളിച്ചത്തിൽ അവയെ നേരിടുന്നതിന് യഥാർഥ അന്താരാഷ്ട്ര ഐക്യദാർഢ്യവും പങ്കിട്ട ഉത്തരവാദിത്തത്തിൽ അധിഷ്ഠിതമായ ബഹുമുഖ സഹകരണവും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക നയങ്ങളുടെ ഏകോപനം വർധിപ്പിക്കുന്നതിനും സുസ്ഥിര നിക്ഷേപങ്ങൾ പ്രാപ്തമാക്കുന്നതിനും എല്ലാവർക്കും സ്ഥിരതയും സമൃദ്ധിയും പിന്തുണക്കുന്ന വ്യവസായിക, സാമ്പത്തിക നയങ്ങൾ വികസിപ്പിക്കുന്നതിനും ഏറ്റവും ദുർബലമായ രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധികളുടെ പ്രത്യാഘാതങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ ജി20 രാജ്യങ്ങളുടെ പങ്കിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

