സൗദി ഡാക്കർ റാലി 2026: യാംബു ചെങ്കടൽ തീരത്ത് ഇന്ന് ആവേശകരമായ സമാപനം
text_fieldsസൗദി ഡാക്കർ റാലി 2026 സമാപിക്കുന്ന യാം ബു ചെങ്കടൽ തീരത്തെ നഗരിയുടെ ദൃശ്യങ്ങൾ
യാംബു: ലോകത്തിലെ ഏറ്റവും വലിയ സാഹസിക മോട്ടോർ സ്പോർട്സ് മാമാങ്കമായ ‘സൗദി ഡാക്കർ റാലി 2026’ന് ഇന്ന് കൊടിയിറങ്ങും. രണ്ടാഴ്ചയോളം സൗദി മരുഭൂമികളിൽ പൊടിപാറിച്ച പോരാട്ടങ്ങൾക്ക് യാംബു ചെങ്കടൽ തീരത്ത് സജ്ജമാക്കിയ പ്രൗഢമായ വേദിയിലാണ് സമാപനം കുറിക്കുന്നത്. കിരീടം ആര് ചൂടുമെന്ന ആകാംക്ഷയിൽ മോട്ടോർ സ്പോർട്സ് ലോകം ഉറ്റുനോക്കുകയാണ്.
അൽ അത്തിയ ആറാം കിരീടത്തിലേക്ക്?
കാർ വിഭാഗത്തിൽ ഖത്തറിെൻറ ഇതിഹാസ താരം നാസർ അൽ അത്തിയ തെൻറ ആറാം കിരീടം ലക്ഷ്യമിട്ടാണ് അവസാന ലാപിലേക്ക് കുതിക്കുന്നത്. ഡാസിയ ടീമിനായി മത്സരിക്കുന്ന അത്തിയക്ക് ഇത്തവണ ശക്തമായ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. എങ്കിലും 12-ാം ഘട്ടത്തിലും ആധിപത്യം നിലനിർത്തിയ താരം യാംബുവിൽ കിരീടമുയർത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ബൈക്ക് വിഭാഗത്തിലും തീപാറും
ബൈക്ക് വിഭാഗത്തിൽ പോരാട്ടം അത്യന്തം വാശിയേറിയതാണ്. കെ.ടി.എം താരം ലൂസിയാനോ ബെനവിഡസും ഹോണ്ടയുടെ റിക്കി ബ്രാബെക്കും തമ്മിൽ സെക്കൻഡുകളുടെ വ്യത്യാസം മാത്രമാണുള്ളത്. ഹീറോ മോട്ടോ സ്പോർട്സിനായി മത്സരിച്ച റോസ് ബ്രാഞ്ച് ആദ്യ പത്തിൽ ഇടംപിടിക്കാനുള്ള കഠിനശ്രമത്തിലാണ്. സ്വീഡിഷ് റൈഡർ മാറ്റിയാസ് എക്‌സ്ട്രോമും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
അതേസമയം, ക്ലാസിക് വിഭാഗത്തിൽ ഇന്ത്യയുടെ അഭിമാനമായ സഞ്ജയ് തകാലെ മികച്ച പ്രകടനം നടത്തിയെങ്കിലും സാങ്കേതിക തകരാറുകൾ മൂലം ഇടക്ക് വെച്ച് പിന്മാറേണ്ടി വന്നത് ഇന്ത്യൻ ആരാധകർക്ക് നിരാശയായി.
സൗദി മോട്ടോർ ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങളും കായിക പ്രേമികളും ചടങ്ങിൽ സംബന്ധിക്കും.
റാലി ഒറ്റനോട്ടത്തിൽ
ആകെ ദൂരം: 7,994 കിലോമീറ്റർ
വിഭാഗങ്ങൾ: കാറുകൾ, മോട്ടോർ സൈക്കിളുകൾ, ചലഞ്ചറുകൾ, എസ്.എസ്.വികൾ, ട്രക്കുകൾ, ഡാക്കർ ക്ലാസിക്, മിഷൻ 1000.
പങ്കാളിത്തം: 787 ഡ്രൈവർമാരും നാവിഗേറ്റർമാരും.
ആതിഥേയത്വം: സൗദി അറേബ്യ (തുടർച്ചയായ ഏഴാം വർഷം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

