സൗദി ജീവകാരുണ്യ കാമ്പയിൻ
text_fieldsയാംബു: രാജ്യത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ദേശീയ കാമ്പയിനായ 'ഇഹ്സാൻ' വഴി ഒഴുകിയെത്തുന്ന സംഭാവന 200 കോടി റിയാലോളമെത്തി. തുടക്കത്തിൽ രണ്ടര കോടിയിലധികം റിയാൽ റിലീഫ് പ്രവർത്തനത്തിനായി ചെലവഴിച്ചിരുന്നു. അതിനുശേഷം ലഭിച്ച സംഭാവന 1,902,353,926 കവിഞ്ഞതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇഹ്സാൻ വഴി 4,583,240 ആളുകൾക്ക് പ്രയോജനം ലഭിച്ചു.
https://ehsan.sa എന്ന വെബ്സൈറ്റ് വഴിയും 8001247000 എന്ന കോൾ സെന്റർ വഴിയും 505 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചും വ്യക്തികളും കമ്പനികളും സ്ഥാപനങ്ങളും മറ്റും നൽകിയ സംഭാവനകളാണ് ഇഹ്സാൻ ദേശീയ സംഭാവന ശേഖരണ യജ്ഞം വിജയിപ്പിക്കുന്നത്. രണ്ടുവർഷം മുമ്പാണ് രാജ്യത്ത് ഇഹ്സാൻ പ്ലാറ്റ്ഫോമിന് സൽമാൻ രാജാവ് അനുമതി നൽകിയത്. പ്ലാറ്റ്ഫോം വഴി ഇതിനകം ലഭിച്ച 1.21 കോടി റിയാൽ 30 ലക്ഷം പേർ ഉപയോഗപ്പെടുത്തിയെന്നാണ് അതോറിറ്റി റിപ്പോർട്ട്.
പ്ലാറ്റ്ഫോം വഴി ലഭിക്കുന്ന വരവിന്റെ 99 ശതമാനവും രാജ്യത്തിനകത്തുതന്നെയാണ് ചെലവഴിക്കുന്നത്.
വിദേശരാജ്യങ്ങളിലേക്ക് ചെലവഴിക്കാൻ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ ആൻഡ് റിലീഫ് സെന്ററുമായി സഹകരിച്ച് ഒരു ശതമാനം മാറ്റിവെക്കുന്നു. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് വിശദവിവരം അറിയാനും പരിശോധിക്കാനുമുള്ള അവസരമുണ്ട്.
ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് അർഹരെ കണ്ടെത്തുന്നത്. ഫിത്ർ സകാത് നൽകാൻകൂടിയുള്ള സൗകര്യം ഇഹ്സാൻ പ്ലാറ്റ്ഫോമിലുണ്ട്. ഫിത്ർ സകാത് നൽകാൻ ആഗ്രഹിക്കുന്നവരിൽനിന്ന് പണം സ്വീകരിച്ചുതുടങ്ങിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഫിത്ർ സകാത്തിനത്തിൽ ലഭിക്കുന്ന തുക കൃത്യസമയത്ത് ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്ന വിധത്തിൽ അർഹർക്ക് വിതരണം ചെയ്യാനുള്ള സംവിധാനം പൂർത്തിയാക്കി.
സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷൽ ഇന്റലിജൻസിന് പുറമെ ധനകാര്യം, ആഭ്യന്തരം, മാനവവിഭവശേഷി അടക്കമുള്ള വിവിധ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും ഉൾപ്പെടുന്ന സംയുക്ത സമിതിയാണ് ഇഹ്സാൻ പ്ലാറ്റ്ഫോമിന്റെ ദൈനദിനം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

