സൊമാലിയയുടെ പരമാധികാരം സംരക്ഷിക്കണം; ഇസ്രായേൽ നടപടിയെയും വിഘടനവാദ നീക്കങ്ങളെയും തള്ളി സൗദി അറേബ്യ
text_fieldsഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ യോഗത്തിൽ സൗദി വിദേശകാര്യ സഹമന്ത്രി എൻജി. വലീദ് അൽഖുറൈജി സംസാരിക്കുന്നു
റിയാദ്: സൊമാലിയയുടെ ഐക്യവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാൻ പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. സൊമാലിയയുടെ പരമാധികാരത്തെ ദുർബലപ്പെടുത്താനുള്ള ഏത് നീക്കത്തെയും രാജ്യം ശക്തമായി എതിർക്കുന്നുവെന്ന് സൗദി വിദേശകാര്യ സഹമന്ത്രി എൻജിനീയർ വലീദ് അൽഖുറൈജി വ്യക്തമാക്കി. സൊമാലിയയുമായി ബന്ധപ്പെട്ട് നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സൊമാലിയാൻഡ്’ മേഖലയെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ഇസ്രായേൽ നടപടിയെ സൗദി തള്ളിക്കളയുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും ലംഘനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സൊമാലിയയെ വിഭജിക്കാനോ ഐക്യം തകർക്കാനോ ലക്ഷ്യമിട്ടുള്ള ഏത് സമാന്തര നീക്കങ്ങളെയും സൗദി അംഗീകരിക്കില്ല. വിഘടനവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന രാഷ്ട്രീയവും സുരക്ഷാപരവുമായ പ്രത്യാഘാതങ്ങൾക്ക് ഇസ്രായേൽ പൂർണ ഉത്തരവാദിയായിരിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഒരു അംഗരാജ്യത്തിെൻറ സുരക്ഷയ്ക്കും ദേശീയ സ്ഥിരതയ്ക്കും ഭീഷണി ഉയർത്തുന്ന നീക്കങ്ങളെ സൗദി അറേബ്യ ‘ചുവന്ന വര’യായാണ് കാണുന്നത്. ഇത്തരം അപകടകരമായ കീഴ്‌വഴക്കങ്ങൾ തടയാൻ അന്താരാഷ്ട്ര തലത്തിൽ ഏകോപിതമായ നീക്കം അനിവാര്യമാണ് -വലീദ് അൽഖുറൈജി വ്യക്തമാക്കി. രാജ്യത്തെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കാനും ആഭ്യന്തര സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള സൊമാലിയൻ സർക്കാരിന്റെ കഴിവിൽ സൗദി അറേബ്യ വിശ്വാസം പ്രകടിപ്പിച്ചു. സൊമാലിയയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള രാജ്യത്തിന്റെ അചഞ്ചലമായ പിന്തുണ തുടരുമെന്നും സഹമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

