‘സോഫിയ’ റോബോട്ടിന് സൗദി പൗരത്വം
text_fieldsറിയാദ്: ‘ഞാൻ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇൗ മഹത്തായ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു. ഇത് ചരിത്രമാണ്’; സൗദി അറേബ്യൻ പൗരത്വം ലഭിച്ചശേഷം സോഫിയ പ്രതികരിച്ചു. സോഫിയ മനുഷ്യനല്ല. മനുഷ്യരൂപം പൂണ്ട യന്ത്രമാണ്. മനുഷ്യെൻറ ചേഷ്ടകളും പെരുമാറ്റസവിശേഷതകളുമുള്ള റോബോട്ട്. ഏതെങ്കിലും രാജ്യത്തിെൻറ പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ടായി സോഫിയ. റോബോട്ടിന് പൗരത്വം നൽകുന്ന ആദ്യരാജ്യവുമായി സൗദി. റിയാദിൽ ആഗോള നിക്ഷേപകസംഗമത്തിലാണ് ലോകത്തെ അദ്ഭുതപ്പെടുത്തിയ തീരുമാനമുണ്ടായത്.
സംഗമത്തിൽ അവതരിപ്പിക്കപ്പെട്ട ‘സോഫിയ’ ഒരു സെഷൻ നയിച്ചു. സെഷനിടയിലാണ് പൗരത്വം നൽകുന്നതിന് തീരുമാനമായ കാര്യം സഹഅവതാരകൻ ആൻഡ്രൂ റോസ് സോർകിൻസ് സോഫിയയെ അറിയിച്ചത്. അന്തരിച്ച ഹോളിവുഡ് നായിക ഒാഡ്രി ഹെപ്ബേണിെൻറ മുഖച്ഛായയിലാണ് ‘സോഫിയ’യെ നിർമിച്ചിരിക്കുന്നത്. അമേരിക്കയിലെ ഹാൻസൺ റോബോട്ടിക്സ് സ്ഥാപകൻ ഡോ. ഡേവിഡ് ഹാൻസൺ ആണ് സോഫിയയുടെ നിർമാതാവ്.
സൗദിയിൽ എത്തുന്നതിനുമുമ്പുതന്നെ അഭിമുഖം നൽകിയും കച്ചേരിയിൽ പാടിയും സോഫിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു. അസാമാന്യമായ മനുഷ്യസാമ്യതയാണ് സോഫിയയെ മറ്റു റോബോട്ടുകളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. സൂക്ഷ്മമായ വികാര പ്രകടനവും ശീഘ്രപ്രതികരണശേഷിയും അതിൽ പ്രധാനമാണ്.
