ഫിനാൻഷ്യൽ കൺസൾട്ടൻറുമാർക്ക് യോഗ്യതാ പരീക്ഷ നിർബന്ധമാക്കി ‘സോക്പ’
text_fieldsറിയാദ്: സൗദി അറേബ്യയിൽ പണം എങ്ങനെ ലാഭിക്കണം, എവിടെ നിക്ഷേപിക്കണം തുടങ്ങിയ സാമ്പത്തിക കാര്യങ്ങളിൽ സാധാരണക്കാർക്ക് ഉപദേശം നൽകുന്ന പ്രഫഷനലുകൾക്ക് (ഫിനാൻഷ്യൽ കൺസൾട്ടൻറുമാർക്ക്) പുതിയ നിയന്ത്രണങ്ങൾ വരുന്നു.
ഈ രംഗത്ത് പ്രവർത്തിക്കാൻ ലൈസൻസുള്ള എല്ലാവരും അതോറിറ്റി നടത്തുന്ന പ്രത്യേക യോഗ്യതാ പ്രോഗ്രാമോ പരിശീലനമോ ഇനി നിർബന്ധമായും പാസാകണം.
സൗദിയിലെ അക്കൗണ്ടൻറുമാരുടെയും പ്രഫഷനലുകളുടെയും ഔദ്യോഗിക സംഘടനയായ ‘സോക്പ’ ആണ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത്. ഈ പുതിയ നിയമങ്ങൾ ഈ മാസം (ജൂലൈ) 30 മുതൽ രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.
സാമ്പത്തിക ഉപദേശം നൽകാനുള്ള ലൈസൻസ് കൈവശമുള്ളവർ തങ്ങളുടെ ലൈസൻസ് കാലാവധി തീരുന്നതിന് മുൻപ് തന്നെ ഈ യോഗ്യതാ കോഴ്സ് പൂർത്തിയാക്കണമെന്ന് സോക്പ പ്രത്യേകം ഓർമിപ്പിക്കുന്നു. അവസാന നിമിഷം വരെ കാത്തുനിൽക്കാതെ നേരത്തെ തന്നെ പരീക്ഷ പാസാകുന്നത് വഴി ലൈസൻസ് പുതുക്കൽ നടപടികൾ എളുപ്പമാക്കാനും വൈകൽ ഒഴിവാക്കാനും സാധിക്കും. ഈ നിബന്ധന കൃത്യസമയത്ത് പാലിക്കാത്ത പക്ഷം ലൈസൻസ് പുതുക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല, തുടർന്ന് ഈ ജോലി ചെയ്യുന്നതിൽ നിന്ന് താൽക്കാലികമായി വിലക്ക് നേരിടേണ്ടി വരികയും ചെയ്യും. സാധാരണക്കാരായ ആളുകൾക്ക് വിശ്വസനീയവും മികച്ചതുമായ സാമ്പത്തിക സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് ഈ പുതിയ പരിഷ്കാരത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഉപദേശം നൽകുന്ന വ്യക്തികൾക്ക് അതിനുള്ള കൃത്യമായ അറിവും പ്രാപ്തിയുമുണ്ടെന്ന് ഇതിലൂടെ ഉറപ്പുവരുത്താനാകും.
അതോടൊപ്പം, അർഹതയില്ലാത്തവരുടെ തെറ്റായ ഉപദേശങ്ങൾ വഴി ഉപഭോക്താക്കൾക്ക് പണം നഷ്ടപ്പെടാതിരിക്കാനും സാധാരണക്കാരുടെ അവകാശങ്ങൾ പൂർണമായി സംരക്ഷിക്കാനും ഈ നിയമം വലിയ രീതിയിൽ സഹായിക്കും.
നിയമങ്ങളും ശിക്ഷാ നടപടികളും
മുമ്പ് ഇത്തരം സാമ്പത്തിക ഉപദേശങ്ങൾ നൽകാനുള്ള ലൈസൻസ് അനുവദിച്ചിരുന്നത് വാണിജ്യ മന്ത്രാലയമായിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം ഈ അധികാരം പൂർണമായും ‘സോക്പ’യിലേക്ക് കൈമാറുകയാണ്.
ഇതോടൊപ്പം ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പാലിക്കേണ്ട കർശനമായ ചട്ടങ്ങളും അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ലൈസൻസ് എടുക്കാനുള്ള പുതിയ നിബന്ധനകൾ, കാലാവധി, നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെയുള്ള കർശനമായ ശിക്ഷാ നടപടികൾ, ലൈസൻസ് റദ്ദാക്കുന്ന സാഹചര്യങ്ങൾ എന്നിവയെല്ലാം ഈ പുതിയ നിയമങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

