സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ: തമിഴ് വനിതകൾ നാടണഞ്ഞു
text_fieldsനാട്ടിലേക്ക് മടങ്ങും മുമ്പ് റാണി സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടനും ഡി.എം.കെ പ്രവർത്തകർക്കുമൊപ്പം
ദമ്മാം: മലയാളി സാമൂഹിക പ്രവർത്തകരുടെ പരിശ്രമത്തിനൊടുവിൽ, നിയമക്കുരുക്കിൽപ്പെട്ട് ദുരിതത്തിലായിരുന്ന രണ്ടു വനിതകൾ നാട്ടിലേക്ക് മടങ്ങി. തമിഴ്നാട് മധുര സ്വദേശിനി ശർമിള, ചെന്നൈ സ്വദേശിനി റാണി എന്നിവർക്കാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞത്. റിയാദിലെ ഒരു സമ്പന്ന വീട്ടിൽ നാലു വർഷം മുമ്പാണ് റാണി ജോലിക്ക് എത്തിയത്. സൗദിയിലെ പ്രമുഖ കുടുംബത്തിെൻറ വേനൽക്കാല വസതിയായിരുന്നു ഈ വീട്. സന്ദർശകരായി വരുന്നവർക്ക് ഭക്ഷണമൊരുക്കിയും വീട് വൃത്തിയാക്കിയും മൂന്നുവർഷം അവിടെ ജോലി ചെയ്തു. കോവിഡ് തുടങ്ങിയതിനുശേഷം ആ വീട്ടിലേക്ക് ആരും വരാതെയായി. സ്പോൺസർ വരുമെന്നുള്ള പ്രതീക്ഷയിൽ ഒന്നര വർഷത്തോളം ആ വീട്ടിൽ തന്നെ റാണി ഒറ്റക്ക് കഴിഞ്ഞു. ആരും തിരിഞ്ഞുനോക്കാതെ ദുരിതത്തിലായ റാണി, അവിടെ നിന്നും ഇറങ്ങി റിയാദ് ഇന്ത്യൻ എംബസിയിൽ അഭയം തേടി. റിയാദ് എംബസി അധികൃതർ റാണിയെ, ദമ്മാമിലെ നവയുഗം ആക്ടിങ് പ്രസിഡൻറും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടെൻറ അടുത്തേക്ക് അയച്ചു. ശർമിളയെ രണ്ടു വർഷം മുമ്പ് ഹൗസ് മെയ്ഡ് വിസയിൽ ഖത്തറിൽ ഒരു സൗദി പൗരൻ കൊണ്ടുവരുകയായിരുന്നു. പിന്നീട് അവിടെ നിന്നും വിസിറ്റിങ് വിസയിൽ റിയാദിൽ എത്തിച്ചു വീട്ടുജോലിക്ക് നിയോഗിക്കുകയായിരുന്നു. ആറു മാസം കഴിഞ്ഞിട്ടും ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ കിട്ടാതെയായപ്പോൾ, അവർ അവിടെ നിന്നും പുറത്തുകടന്ന്, വേറൊരു വീട്ടിൽ ജോലിക്ക് ചേർന്നു. പിന്നീട് കുറെകാലം കഴിഞ്ഞു നാട്ടിൽ പോകാനായി ശ്രമിച്ചപ്പോൾ, വിസിറ്റിങ് വിസ കാലാവധി അവസാനിച്ചതിനാൽ പോകാൻ കഴിയില്ല എന്ന നിയമക്കുരുക്കിലായി. സാമൂഹികപ്രവർത്തകനായ സലാം ജാംജൂമിനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചപ്പോൾ, അദ്ദേഹം ശർമിളയെ ദമ്മാമിൽ മഞ്ജു മണിക്കുട്ടെൻറ അടുത്ത് എത്തിക്കുകയായിരുന്നു.
റാണിയും ശർമിളയും ഒരു മാസത്തോളം ദമ്മാമിൽ മഞ്ജു മണിക്കുട്ടെൻറ വീട്ടിലാണ് കഴിഞ്ഞത്. മഞ്ജു രണ്ടു പേർക്കും ഇന്ത്യൻ എംബസിയിൽ നിന്ന് ഔട്ട്പാസ് എടുത്തുനൽകുകയും വനിത അഭയകേന്ദ്രം വഴി ഫൈനൽ എക്സിറ്റ് വിസ നേടുകയും ചെയ്തു. റാണിക്ക് ദമ്മാമിലെ ഡി.എം.കെ പ്രവർത്തകരായ വെങ്കിടേഷ്, ആരിഫ് എന്നിവരുടെ നേതൃത്വത്തിൽ വിമാന ടിക്കറ്റ് ലഭ്യമാക്കി. ശർമിളക്ക് വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞതു മൂലമുള്ള പിഴ സംഖ്യ തമിഴ് സോഷ്യൽ മൻട്രം പ്രവർത്തകരും വിമാനടിക്കറ്റ് പ്രവാസി സാംസ്കാരികവേദി പ്രവർത്തകരും നൽകി. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ഇരുവരും നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

