രോഗിയായപ്പോൾ സ്പോൺസർ ഉപേക്ഷിച്ചു; മലയാളി വീട്ടുവേലക്കാരിക്ക് സാമൂഹിക പ്രവർത്തകർ തുണയായി
text_fieldsലത്തീഫ ബീവി (ഇടതു നിന്നും രണ്ടാമത്) മഞ്ജു മണിക്കുട്ടൻ, മണി, സിയാദ് എന്നിവരോടൊപ്പം ദമ്മാം വിമാനത്താവളത്തിൽ
ദമ്മാം: അസുഖബാധിതയായപ്പോൾ സ്പോൺസർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ച മലയാളി വീട്ടുജോലിക്കാരിക്ക് സാമൂഹിക പ്രവർത്തകർ തുണയായി. തിരുവനന്തപുരം കുളത്തൂർ മൺവിള ലക്ഷംവീട് കോളനിയിൽ താമസക്കാരിയായ ലത്തീഫ ബീവിയാണ് (59) ഈ ഹതഭാഗ്യ. ദമ്മാമിലെ നവയുഗം ജീവകാരുണ്യവിഭാഗത്തിെൻറ സമയോചിതമായ ഇടപെടലാണ് ഇവർക്ക് രക്ഷയായത്.
നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം അവർ നാട്ടിലേക്ക് മടങ്ങി. രോഗിയായ ഭർത്താവിന് ഒരു ശസ്ത്രക്രിയയെതുടർന്ന് ജോലി ചെയ്യാനാവാതെ വന്നപ്പോഴാണ് ലത്തീഫ വീട്ടുജോലിക്ക് സൗദിയിലെത്തിയത്. 13 വർഷമായി അൽഅഹ്സയിൽ ഒരു സൗദി പൗരെൻറ വീട്ടിൽ ജോലിചെയ്യുകയായിരുന്നു അവർ. അടുത്തിടെ നാട്ടിൽ മകൾ അസുഖബാധിതയായി മരിച്ചു. എന്നിട്ടും സ്പോൺസർ അവരെ നാട്ടിൽ അയക്കാൻ തയാറായില്ല. ഇതുമൂലവും മറ്റും ലത്തീഫ ബീവി അവശയായി. ഒരു ദിവസം കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സ്പോൺസർ ആശുപത്രിയിലെത്തിച്ചു.
പരിശോധനയിൽ ഹൃദയത്തിലെ മൂന്ന് വാൽവുകൾക്ക് തടസ്സം ഉണ്ടെന്ന് കണ്ടെത്തി. ഇതോടെ ഡോക്ടർ ശസ്ത്രക്രിയ നടത്തണമെന്ന് നിർദേശിച്ചു. തുടർന്ന് സ്പോൺസർ അമീർ സുൽത്താൻ ഹൃദ്രോഗ ആശുപത്രിയിൽ എത്തിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ, ഇനി ജോലി ചെയ്യിക്കരുതെന്നും ഒരുമാസം വിശ്രമം വേണമെന്നും അതിനുശേഷം നാട്ടിൽ അയക്കണമെന്നുമായിരുന്നു ഡോക്ടർ നിർദേശിച്ചത്. പിന്നീട് സ്പോൺസർ ആശുപത്രിയിൽ വരുകയോ അവരെ തിരിഞ്ഞുനോക്കുകയോ ചെയ്തില്ല. ചികിത്സ പൂർത്തിയായിട്ടും സ്പോൺസർ തിരിഞ്ഞുനോക്കാഞ്ഞതിനാൽ ഡിസ്ചാർജ് ചെയ്യാൻ പോലും കഴിഞ്ഞില്ല. അങ്ങനെ ആരും നോക്കാനില്ലാതെ അനാഥയായി ആശുപത്രിയിൽ കഴിയേണ്ടിവന്നു. ഈ വിവരം അറിഞ്ഞ നാട്ടിലുള്ള ബന്ധുക്കൾ, കൊല്ലത്തുള്ള ഇമാമുദ്ദീൻ മൗലവി വഴി അൽഅഹ്സയിലെ നവയുഗം ജീവകാരുണ്യ പ്രവർത്തകനായ സിയാദ് പള്ളിമുക്കിനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കുകയായിരുന്നു.
സിയാദ് പള്ളിമുക്ക്, സാമൂഹികപ്രവർത്തകനായ മണി മാർത്താണ്ഡത്തിനൊപ്പം ആശുപത്രിയിലെത്തി ലത്തീഫ ബീവിയെ സന്ദർശിക്കുകയും നിയമസഹായങ്ങൾ വാഗ്ദാനം ചെയ്യുകയും അത്യാവശ്യ വസ്തുക്കളും ഭക്ഷണവും എത്തിച്ചുകൊടുക്കുകയും ചെയ്തു. അതോടെ, ഈ കേസ് നവയുഗം ജീവകാരുണ്യവിഭാഗം ഏറ്റെടുത്തു. സിയാദും മണിയും ലത്തീഫ ബീവിയുടെ സ്പോൺസറുമായി ചർച്ചകൾ നടത്തിയെങ്കിലും അയാൾ സഹകരിക്കാൻ തയാറായില്ല. തുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗം ലത്തീഫ ബീവിയെക്കൊണ്ട് സ്പോൺസർക്കെതിരെ ലേബർ കോടതിയിൽ പരാതി കൊടുപ്പിച്ചു.
സ്പോൺസറോട് അവരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യിച്ച് ഹാജരാക്കാൻ കോടതി നിർദേശിച്ചു. എത്രയും പെട്ടെന്ന് ലത്തീഫ ബീവിയെ എല്ലാ കുടിശ്ശികകളും കൊടുത്ത് നാട്ടിലേക്ക് കയറ്റിവിടണമെന്ന് കോടതി ഉത്തരവിട്ടു.
കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും ഫൈനൽ എക്സിറ്റ് വിസയും വിമാന ടിക്കറ്റും നൽകിയെങ്കിലും കുപിതനായ സ്പോൺസർ ഉടൻതന്നെ വീട്ടിൽനിന്നും പുറത്തുപോകണമെന്ന് പറഞ്ഞ് അവരുടെ സാധനങ്ങൾ എടുത്ത് റൂമിന് പുറത്തേക്ക് എറിഞ്ഞു. വിവരമറിഞ്ഞെത്തിയ സിയാദും നവയുഗം പ്രവർത്തകരും അവരെ നവയുഗം ആക്റ്റിങ് പ്രസിഡൻറ് മഞ്ജു മണിക്കുട്ടെൻറ ദമ്മാമിലെ വീട്ടിൽ എത്തിച്ചു.
അവിടെ താമസിപ്പിച്ച് പരിചരിച്ചു. ഒടുവിൽ നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞ് ലത്തീഫ ബീവി നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

