10 വർഷമായി നാട്ടിൽ പോകാനാവാതെ വിഷമിച്ച സജീവന് സാമൂഹിക പ്രവർത്തകർ തുണയായി
text_fieldsസജീവന് യാത്രാരേഖകൾ കൈമാറുന്നു
അൽ ഖോബാർ: 10 വർഷത്തോളമായി നാട്ടിൽ പോകാൻ കഴിയാതെ വിഷമിച്ച തൃശൂർ സ്വദേശി സജീവന് സാമൂഹിക പ്രവർത്തകർ രക്ഷക്കെത്തി. അൽ ഖോബാറിൽ സജീവൻ നടത്തിയിരുന്ന കർട്ടൻ കട ഏഴുവർഷം മുമ്പ് തീപിടിച്ചു നശിച്ചിരുന്നു. തുടർന്ന് സ്വദേശി പൗരനിൽ നിന്നും പണം കടം വാങ്ങി അറ്റകുറ്റ പണികൾ നടത്തി കട പുനരാരംഭിച്ചെങ്കിലും കോവിഡ് കാലം വന്നതോടെ വീണ്ടും പ്രതിസന്ധിയിലാവുകയും കട പൂട്ടുകയുമായിരുന്നു.
54,000 റിയാലിന്റെ സാമ്പത്തിക ബാധ്യത തീർപ്പാക്കാത്തതിനാൽ സ്വദേശി പൗരൻ സജീവന് യാത്രാവിലക്ക് ഏർപ്പെടുത്തുകയും കേസ് നൽകുകയും ചെയ്തു. ഇതോടെ സജീവന് നാട്ടിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയിലായി. ഇതിനിടയിൽ പാസ്പോർട്ട് കാലാവധി കഴിയുകയും മൂന്നുതവണ ഔട്ട് പാസ് എടുക്കുകയും ചെയ്തെങ്കിലും കേസ് തീരുമാനം ആകാത്തതിനാൽ നാട്ടിലേക്ക് പോകാൻ സാധിച്ചില്ല.
ഈ വിഷയം ശ്രദ്ധയിൽ പെട്ടതോടെ കേസ് പിൻവലിച്ചു കാര്യങ്ങൾ തീർപ്പാക്കുന്നതിനായി സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റുമായ അസ്ലം ഫറോക്കിന്റെ നേതൃത്വത്തിൽ മണിക്കുട്ടൻ, സക്കീർ ഹുസൈൻ എന്നിവർ പല തവണ സ്വദേശി പൗരനുമായി ബന്ധപ്പെട്ടു. തുടർന്ന് 35,000 റിയാൽ നൽകിയാൽ കേസ് ഒത്തുതീർപ്പാക്കാമെന്ന് സ്വദേശി പൗരൻ സമ്മതിച്ചു.യാത്രാവിലക്ക് നീക്കി സജീവന് എക്സിറ്റിൽ നാട്ടിൽ പോകാനുള്ള നടപടികൾ സ്വീകരിച്ചതോടെ സജീവന് നാട്ടിൽ പോകാനുള്ള വഴി തെളിഞ്ഞു. കുടുംബത്തോടൊപ്പം ചേരാനുള്ള വ്യഗ്രതയിൽ അതീവ സന്തോഷത്തിലാണ് സജീവൻ നാട്ടിലേക്ക് തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

