മഞ്ഞുപുതച്ച് തബൂക്കിലെ ജബൽ അൽ ലൗസ്
text_fieldsതബൂക്ക് അൽ ലൗസ് പർവത നിരകളിൽ ഉണ്ടായ മഞ്ഞു വീഴ്ച
തബൂക്ക്: തബൂക്ക് മേഖലയിലെ പ്രശസ്തമായ അൽ ലൗസ് പർവതനിരകളിൽ കഴിഞ്ഞ ദിവസം മഴക്കൊപ്പം ശക്തമായ മഞ്ഞുവീഴ്ചയുണ്ടായി. ഉയർന്ന പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞും കാറ്റും അനുഭവപ്പെട്ടതോടെ പർവതനിരകൾ വെള്ളപ്പട്ടുടുത്തതുപോലെ മഞ്ഞിൽ പൊതിഞ്ഞ നിലയിലാണ്. ചിലയിടങ്ങളിൽ വീശിയടിച്ച ശക്തമായ കാറ്റ് താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെയെത്തിച്ചു. പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ മിതമായ മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മേഖലയിലെ വിവിധ പട്ടണങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ബാധിച്ച കാലാവസ്ഥാ മാറ്റം തബൂക്ക് ഗവർണറും റീജനൽ സിവിൽ ഡിഫൻസ് കമ്മിറ്റി ചെയർമാനുമായ അമീർ ഫഹദ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് നേരിട്ട് നിരീക്ഷിച്ചു. മഴയും മഞ്ഞും തുടരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്ത അദ്ദേഹം, ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ അധികൃതർ ഊർജിതമായ ശ്രമങ്ങൾ നടത്തണമെന്ന് നിർദേശിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 2,580 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അൽ ലൗസ് മലമടക്കുകളിലെ മഞ്ഞുവീഴ്ച സഞ്ചാരികൾക്ക് കൗതുകകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. മരവിപ്പിക്കുന്ന തണുപ്പിലും മനോഹരമായ ഈ ശൈത്യകാല വിസ്മയം ആസ്വദിക്കാൻ നിരവധി സന്ദർശകരാണ് ഇവിടേക്ക് എത്തുന്നത്. കനത്ത മഞ്ഞുമൂടിയ ഭൂപ്രകൃതിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ആളുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. സൗദി അറേബ്യയിൽ മഞ്ഞുവീഴ്ചയ്ക്ക് പേരുകേട്ട ജബൽ അൽ ലൗസ്, ‘ബദാം പർവതം’ എന്ന പേരിലും അറിയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

