ബുറൈദയിൽ സ്മാർട്ടായി ട്രാഫിക് സിഗ്നലുകൾ; അത്യാധുനിക സംവിധാനം ഒരുങ്ങുന്നു
text_fieldsബുറൈദയിലെ പ്രധാന ജങ്ഷനിൽ ‘സ്മാർട്ട് ട്രാഫിക് സിഗ്നൽ’ സംവിധാനം നിലവിൽ വന്നപ്പോൾ
ബുറൈദ: നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിനും പ്രധാന കവലകളുടെ നിയന്ത്രണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുമായി ബുറൈദയിൽ സ്മാർട്ട് ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനസജ്ജമാക്കി. അൽ ഖസീം പ്രവിശ്യാ നഗരസഭ പ്രാദേശിക ട്രാഫിക് വിഭാഗവുമായി സഹകരിച്ചാണ് തിരക്കേറിയ കിങ് സൽമാൻ റോഡും കിങ് അബ്ദുൽ അസീസ് റോഡും സംഗമിക്കുന്ന പ്രധാന കവലയിൽ ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
റോഡിലെ വാഹനങ്ങളുടെ തിരക്ക് തത്സമയം വിശകലനം ചെയ്ത് സിഗ്നൽ സമയങ്ങൾ സ്വയമേവ ക്രമീകരിക്കുന്ന ഈ സംവിധാനം വഴി കവലകളിലെ അനാവശ്യ കാത്തിരിപ്പ് സമയം കുറക്കാനും സുഗമമായ വാഹന ഗതാഗതം ഉറപ്പാക്കാനും സാധിക്കും. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും നഗരത്തിനുള്ളിലെ യാത്രാസൗകര്യം കൂടുതൽ കാര്യക്ഷമമാക്കാനും ഇത് സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ബുറൈദയിലെ വിവിധ കവലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയുടെ ഒന്നാം ഘട്ടത്തിെൻറ വിജയകരമായ തുടർച്ചയാണിതെന്ന് അൽ ഖസീം അമാന ഔദ്യോഗിക വക്താവ് നായിഫ് അൽ നുഫൈഈ അറിയിച്ചു. നഗരസഭയുടെ സമഗ്ര മാസ്റ്റർ പ്ലാനിെൻറ ഭാഗമായി ഈ സംവിധാനം വരുംദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തി യാത്രാനുഭവം മെച്ചപ്പെടുത്തുന്ന ഈ പദ്ധതി, സൗദി വിഷൻ 2030 വിഭാവനം ചെയ്യുന്ന സ്മാർട്ട്-സുസ്ഥിര നഗരങ്ങളുടെ നിർമിതിക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള നഗരസഭയുടെ ശ്രമങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

