സൗദിയിലെ അൽ ഖോബാറിൽ ഇനി 'സ്മാർട്ട്' ട്രാഫിക്; ഗതാഗത നിയന്ത്രണത്തിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്
text_fieldsഅൽ ഖോബാർ: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ പ്രധാന നഗരമായ അൽ ഖോബാറിൽ ഗതാഗത സംവിധാനം പൂർണമായും ആധുനികവൽക്കരിക്കുന്നു. നഗരത്തിലെ ട്രാഫിക് സിഗ്നലുകളെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ) സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചുകൊണ്ട് മനുഷ്യ ഇടപെടലുകളില്ലാതെ ഗതാഗതം നിയന്ത്രിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി.
പരമ്പരാഗതമായി നിശ്ചിത സമയക്രമത്തിൽ പ്രവർത്തിക്കുന്ന സിഗന്ലുകളിൽ നിന്ന് വ്യത്യസ്തമായി, റോഡിലെ തിരക്കിനനുസരിച്ച് ‘ബുദ്ധിപരമായി’ തീരുമാനമെടുക്കാൻ ഈ പുതിയ സംവിധാനത്തിന് സാധിക്കും. സിഗ്നലുകളിൽ സ്ഥാപിച്ചിട്ടുള്ള സെൻസറുകളും സ്മാർട്ട് കാമറകളും ഓരോ വശത്തുമുള്ള വാഹനങ്ങളുടെ എണ്ണം തത്സമയം കണക്കാക്കുന്നു.
തിരക്ക് കൂടുതലുള്ള വശങ്ങളിൽ പച്ച സിഗ്നൽ കൂടുതൽ സമയം നൽകാനും, വാഹനങ്ങൾ കുറവുള്ള വശങ്ങളിൽ സമയം ക്രമീകരിക്കാനും എ.ഐ സംവിധാനം സ്വയം തീരുമാനമെടുക്കും. തുടർച്ചയായ സിഗ്നലുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ, ഒരു സിഗ്നൽ പിന്നിടുന്ന വാഹനത്തിന് അടുത്ത സിഗ്നലുകളിലും തടസ്സമില്ലാതെ പോകാൻ കഴിയുന്ന രീതിയിൽ സമയം ക്രമീകരിക്കപ്പെടും.
പ്രധാന നേട്ടങ്ങൾ
1. ഗതാഗതക്കുരുക്ക് ഒഴിവാക്കാം: ജങ്ഷനുകളിൽ വാഹനങ്ങൾ കാത്തുനിൽക്കുന്ന സമയം വലിയ തോതിൽ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.
2. പരിസ്ഥിതി സൗഹൃദം: വാഹനങ്ങൾ അനാവശ്യമായി സ്റ്റാർട്ട് ചെയ്ത് നിർത്തിയിടുന്നത് ഒഴിവാകുന്നതിലൂടെ ഇന്ധന ലാഭവും മലിനീകരണ കുറവും ഉണ്ടാകുന്നു.
3. സുരക്ഷ: അടിയന്തര സാഹചര്യങ്ങളിൽ (ഉദാഹരണത്തിന് ആംബുലൻസ് വരുമ്പോൾ) മുൻഗണന നൽകാൻ ഈ സ്മാർട്ട് സംവിധാനത്തിന് പ്രത്യേക കഴിവുണ്ട്.
സൗദി വിഷൻ 2030ന്റെ ഭാഗമായി നഗരങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്നതിനും ‘സ്മാർട്ട് സിറ്റി’ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമുള്ള നഗരസഭയുടെയും ട്രാഫിക് വിഭാഗത്തിെൻറയും സംയുക്ത നീക്കമാണിത്. വരും മാസങ്ങളിൽ നഗരത്തിലെ കൂടുതൽ ഇടങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

