സമുദ്ര മലിനീകരണം നിരീക്ഷിക്കാനുള്ള സ്മാർട്ട് ബോയ പദ്ധതി പൂർത്തിയായി
text_fieldsസമുദ്ര മലിനീകരണം നിരീക്ഷിക്കാനുള്ള സ്മാർട്ട് ബോയ പദ്ധതി പൂർത്തിയായപ്പോൾ
റിയാദ്: ചെങ്കടലിെൻറയും അറേബ്യൻ ഉൾക്കടലിെൻറയും 3,500 കിലോമീറ്റർ നീളമുള്ള തീരപ്രദേശങ്ങളിൽ കടൽ-തീരദേശ മലിനീകരണം നിരീക്ഷിക്കുന്നതിനുള്ള സ്മാർട്ട് ബോയ പദ്ധതി വിജയകരമായി പൂർത്തിയായതായി സൗദി നാഷനൽ സെൻറർ ഫോർ എൻവയോൺമെൻറൽ കംപ്ലയൻസ് അറിയിച്ചു.
സമുദ്ര പരിസ്ഥിതി സൂചകങ്ങൾ തത്സമയം വിശകലനം ചെയ്യാനും, വേഗത്തിലുള്ള മുൻകരുതലുകളും തീരുമാനങ്ങളും കൈക്കൊള്ളാനും ഈ സംവിധാനം സഹായിക്കും. സമുദ്ര ഗതാഗത പാതകളെ ബാധിക്കാത്ത രീതിയിൽ തിരഞ്ഞെടുത്ത 35 തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് സ്മാർട്ട് ബോയകൾ സ്ഥാപിച്ചിരിക്കുന്നത്. തുറമുഖങ്ങൾ, വ്യാവസായിക മലിനജലം ഒഴുക്കുന്ന ഇടങ്ങൾ, തീരദേശ ഇൻഫ്രാസ്ട്രക്ചറുകൾ, സമുദ്ര ഗതാഗതം കൂടുതലുള്ള മേഖലകൾ എന്നിവക്ക് സമീപമുള്ള വൈവിധ്യമാർന്ന സമുദ്ര പരിസ്ഥിതി കേന്ദ്രങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളതെന്ന് മോണിറ്ററിങ് നെറ്റുവർക്ക് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ എൻജി. ആമിർ ബാമുനീഫ് വ്യക്തമാക്കി.
24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന നിരീക്ഷണ സ്റ്റേഷനുകളായാണ് ഈ സ്മാർട്ട് ബോയകൾ പ്രവർത്തിക്കുന്നത്. ഓരോ മണിക്കൂറിലും 20,000-ത്തിലധികം സമുദ്ര പരിസ്ഥിതി സൂചകങ്ങളുടെ വിശകലന വിവരങ്ങൾ ഇവ സെൻട്രൽ കൺട്രോൾ റൂമിലേക്ക് കൈമാറും. അതായത്, പ്രതിദിനം അഞ്ച് ലക്ഷത്തിലധികം റീഡിങ്ങുകളാണ് കേന്ദ്രത്തിലേക്ക് ലഭ്യമാകുന്നത്.
സമുദ്ര ഘടകങ്ങളിൽ ഉണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങൾ മുൻകൂട്ടി കണ്ടെത്താനും കൃത്യമായ പരിസ്ഥിതി-സാങ്കേതിക മാനദണ്ഡങ്ങളിലൂടെ അവ വിശകലനം ചെയ്യാനും ഈ തത്സമയ വിവരങ്ങൾ വഴിയൊരുക്കുന്നു. ഉപഗ്രഹ നിരീക്ഷണം, ഡ്രോണുകളിൽ ഘടിപ്പിച്ച തെർമൽ കാമറകൾ വഴിയുള്ള നേരിട്ടുള്ള പരിശോധന, സ്മാർട്ട് ബോയകൾ ശേഖരിക്കുന്ന വിവരങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് സെൻററിെൻറ നിരീക്ഷണ സംവിധാനം പ്രവർത്തിക്കുന്നത്.
ബോയകൾ അയക്കുന്ന വിവരങ്ങളുടെ ഫീൽഡ് തലത്തിലുള്ള സ്ഥിരീകരണം ലാബ് പരിശോധനകളിലൂടെയാണ് പൂർത്തിയാക്കുന്നത്. കടൽ-തീരദേശ മലിനീകരണം തീരദേശ വിനോദസഞ്ചാരത്തിലും മത്സ്യസമ്പത്തിലും വരുത്തുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള സൂചനകളും ഈ ബോയകൾ നൽകും. ഇത് സമുദ്ര പരിസ്ഥിതി സംരക്ഷണത്തിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള പ്രതികരണത്തിനും വലിയ രീതിയിൽ തുണയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

