
സൗദിയിൽ കോവിഡ് രോഗമുക്തിയിൽ നേരിയ കുറവ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ മാസങ്ങൾക്ക് ശേഷം കോവിഡ് രോഗമുക്തിയിൽ നേരിയ കുറവ്. വ്യാഴാഴ്ച പുതിയ രോഗബാധിതരെക്കാൾ സുഖം പ്രാപിച്ചവരുടെ എണ്ണം അൽപം കുറഞ്ഞു. 181 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ 173 പേർക്ക് മാത്രമാണ് രോഗമുക്തിയുണ്ടായത്. വിവിധയിടങ്ങളിലായി 11 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3,60,516ഉം രോഗമുക്തരുടെ എണ്ണം 351365ഉം ആയി. മരണസംഖ്യ 6091 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3060 പേരാണ്. ഇതിൽ 453 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 45, മക്ക 37, കിഴക്കൻ പ്രവിശ്യ 33, മദീന 26, അസീർ 10, ഖസീം 9, അൽജൗഫ് 6, തബൂക്ക് 5, നജ്റാൻ 4, ഹാഇൽ 3, ജീസാൻ 2, വടക്കൻ അതിർത്തി മേഖല 1.
