പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ ചീമാടന് എസ്.കെ.പി.എഫ് യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം അരീക്കോട് സ്വദേശി മുസ്തഫ ചീമാടന് സൗദി കേരള ഫാർമസിസ്റ്റ് ഫോറം (എസ്.കെ.പി.എഫ്) ജിദ്ദ റീജിയൻ കമ്മിറ്റി യാത്രയയപ്പ് നൽകി. ജിദ്ദയിലെ ഏഷ്യ പൊളി ക്ലിനിക്കിലെ ഫാർമസിസ്റ്റ് ആയി സേവനം ചെയ്തിരുന്ന മുസ്തഫ, എസ്.കെ.പി.എഫിന്റെ സീനിയർ അംഗമാണ്. സാമൂഹ്യ സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ജിദ്ദ ഷറഫിയയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വൈസ് പ്രസിഡന്റ് റാഫി കോഴിക്കോട് അധ്യക്ഷത വഹിച്ചു. എസ്.കെ.പി.എഫ് പ്രവർത്തകർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും എസ്.കെ.പി.എഫ് വഴി ആതുര സേവന മേഖലയിൽ തന്റേതായ പ്രവർത്തനങ്ങൾ ചെയ്യാൻ സജീവമായി രംഗത്തിറങ്ങിയ മുസ്തഫയുടെ സേവന മാതൃകകൾ എല്ലാവർക്കും ഏറെ പ്രചോദനമാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മുസ്തഫക്കുള്ള എസ്.കെ.പി.എഫിന്റെ ഉപഹാരം ജിദ്ദ കോർഡിനേറ്റർ അതീഖ് ശാന്തപുരം ചടങ്ങിൽ കൈമാറി. നസീഫ് ഉമർ സ്വാഗതം പറഞ്ഞു. റിയാസ്, യാസിർ, ഇസ്മായിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മുസ്തഫ ചീമാട് മറുപടി പ്രസംഗം നടത്തി. നീണ്ട 22 വർഷത്തെ പ്രവാസം ഏറെ അനുഭവങ്ങൾ സമ്മാനിച്ചുവെന്നും എസ്.കെ.പി.എഫ് കൂട്ടായ്മയിലൂടെ കൂടുതൽ സൗഹൃദവും സേവന പ്രവർത്തനങ്ങളും ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

