നാളെ മുതൽ ചെമ്മീൻ ചാകര; കടൽത്തീരങ്ങളിൽ ഉത്സവനാളുകൾ
text_fieldsചെമ്മീൻ ചാകരക്കാലത്തിനായി ഒരുങ്ങുന്ന ഖത്വീഫിലെ മത്സ്യച്ചന്തകളിലൊന്ന്
ദമ്മാം: ആറുമാസം നീണ്ട ട്രോളിങ് നിരോധനം വ്യാഴാഴ്ച അവസാനിക്കുന്നതോടെ സൗദിയിൽ ചെമ്മീൻ ചാകര ആരംഭിക്കും. ആറുമാസത്തിലധികം കാത്തിരുന്നതിന് ശേഷമുള്ള ചാകരക്കാലം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഈ മേഖലയിൽ ജോലിചെയ്യുന്ന മലയാളികളുൾപ്പടെയുള്ളവർ. വർഷങ്ങൾ നീണ്ട ഉപരോധങ്ങൾക്ക് ശേഷം ഖത്തറുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിച്ചത് മത്സ്യമേഖലിയിൽ പുത്തനുണർവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
ചെമ്മീൻ പ്രജനനകാലം സംരക്ഷിക്കുന്നതിനാണ് ആറുമാസം ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. ഈ സമയത്താണ് മത്സ്യബന്ധനമേഖലയിലെ തൊഴിലാളികൾ അധികവും അവധിക്കായി നാട്ടിലേക്ക് പോവുന്നത്. ട്രോളിങ് നിരോധം അവസാനിക്കുന്നത് നോക്കിയാണ് അവർ തിരിച്ചെത്തുന്നത്. പിന്നീടുള്ള ആറുമാസം ചാകരയുടെ കാലമാണ്. തൊഴിലാളികൾ രാപ്പകലില്ലാതെ ജോലിയിൽ മുഴുകുകയും ചെയ്യും.
ഇതിനകം അവധികഴിഞ്ഞ് തിരിച്ചെത്തിയവർ മത്സ്യബന്ധനത്തിനുള്ള വലകളുടെ കേടുപാടുകൾ തീർക്കലും തുന്നലും ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു കഴിഞ്ഞു. വ്യാഴാഴ്ച (ജൂലൈ 31) അർധരാത്രിയോടെ ബോട്ടുകൾ കടലിലേക്ക് പുറപ്പെടും. പരിസ്ഥിതി ജല കൃഷി മന്ത്രാലയം ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പൗരപ്രമുഖരും ഇതിന് സാക്ഷ്യം വഹിക്കാനെത്തും. ഫാമുകളിൽ വളർത്തുന്ന ചെമ്മീനുകൾ വിപണിയിൽ സാധാരണ ലഭ്യമാണങ്കിലും കടലിൽ നിന്നുവരുന്ന ചെമ്മീനുകൾക്കാണ് പ്രിയമേറെ. രുചിയും ഗുണവും തികഞ്ഞതാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ കടൽഭാഗങ്ങളിൽനിന്ന് പിടിക്കുന്ന ചെമ്മീനുകൾ. വൻകിട ഹോട്ടലുകളും കറ്ററിങ് സെൻററുകളും അടുത്ത ഒരു വർഷത്തേക്കുള്ള ചെമ്മീനുകൾ ഈ സീസൺ കാലത്താണ് ശേഖരിക്കുന്നത്.
കിഴക്കൻ പ്രവിശ്യയിൽ വടക്ക് ഖഫ്ജി മുതൽ അൽ അഹ്സയുടെ തെക്ക് ഉഖൈർ വരെയുള്ള അറേബ്യൻ ഉൾക്കടൽ ഭാഗത്താണ് മത്സ്യബന്ധനത്തിന് അനുമതി. ട്രോളിങ് നിരോധനം അവസാനിച്ചതോടെ 300 ബോട്ടുകൾക്ക് കടലിൽ പോകാനുള്ള പെർമിറ്റ് നൽകിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. നിരന്തരമായ കടൽ നികത്തൽ സൗദിയിലെ മത്സ്യസമ്പത്തിന് കാര്യമായ നാശം നേരിടാൻ കാരണമായിരുന്നു. ഇത് തിരിച്ചറിഞ്ഞ് അധികൃതർ ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കിലോമീറ്ററുകളോളം കണ്ടൽക്കാടുകൾ പുനരുജ്ജീവിപ്പിച്ചത് ഇതിന്റെ ഭാഗമാണ്.
മത്സ്യബന്ധന മേഖലയിൽ ജോലിചെയ്യുന്ന തങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന കാലമാണ് വിരുന്നുവരുന്നതെന്ന് 20 വർഷത്തിലധികമായി ഖത്വീഫ് മത്സ്യച്ചന്തയിൽ ജോലിചെയ്യുന്ന മലയാളി യാസിർ പള്ളിപ്പടി പറഞ്ഞു. നാട്ടിലെ കുടുംബങ്ങളുടെ ആവശ്യങ്ങൾ പലതും നിറവേറ്റുന്നതിനുള്ള നല്ല വരുമാനം ലഭിക്കുന്നത് ഇക്കാലത്താണ്. ഈ സമയത്ത് ജോലിചെയ്യുന്നതിന് ഞങ്ങൾ സമയം നോക്കിറില്ലെന്ന് മറ്റൊരു തൊഴിലാളി അബൂബക്കർ പൊന്നാനി പറഞ്ഞു.
സ്കൂൾ തുറക്കുന്നതുപോലൊരു അനുഭവമാണ് ചെമ്മീൻ സീസണിന്റെ തുടക്കമെന്ന് കാലങ്ങളായി മത്സ്യമേഖലയിൽ ജോലി ചെയ്യുന്ന എഴുത്തുകാരൻ കൂടിയായ സഈദ് ഹമദാനി പറഞ്ഞു. ആഗസ്റ്റ് ആദ്യ വാരം തന്നെ ചെമ്മീൻ മാർക്കറ്റിൽ ലഭ്യമായിത്തുടങ്ങും. ഖത്തർ ഉൾപ്പെടെയുള്ള വ്യാപാരപാതകൾ തുറന്നത് ചെമ്മീനുകൾക്ക് വിലവർധിക്കാൻ കാരണമാകുമെന്നാണ് നിരീക്ഷണം. അതേസമയം കടലിലെ ചില നിരോധന മേഖലകളിൽ അറിയാതെ ചെന്നുപെടുകയും കോസ്റ്റ് ഗാർഡ് പിടിക്കുകയും ചെയ്താൽ വൻ തുക പിഴയായി അടക്കേണ്ടി വരും. ഇത് തൊഴിലാളികൾ തനിയെ വഹിക്കണമെന്നുള്ള നിയമം കൂടുതൽ പേരെ കടലിൽ പോകുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

