വാഹനം മോഷ്ടിച്ച് പൊളിച്ചു വിൽക്കൽ; ആറംഗ പ്രവാസിസംഘം പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: നിരവധി വാഹന മോഷണക്കേസിലെ പ്രതികൾ പിടിയിൽ. ആറ് പേരടങ്ങുന്ന ഈജിപ്ഷ്യൻ സംഘത്തെയാണ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തത്. വിവിധ പ്രദേശങ്ങളിൽനിന്ന് വാഹനങ്ങൾ മോഷ്ടിക്കുന്ന സംഘം ഇവ സാൽമി സ്ക്രാപ് യാർഡിലുള്ള ഗാരേജിൽ എത്തിക്കും.
അവിടെനിന്ന് മോഷ്ടിച്ച വാഹനങ്ങൾ പൊളിച്ച് സ്പെയർ പാർട്‌സുകളായി വിൽക്കുകയായിരുന്നു രീതി എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മോഷണത്തിന്റെ തെളിവുകൾ ഇല്ലാതാക്കാൻ ശേഷിക്കുന്ന വാഹന ഭാഗങ്ങൾ പ്രതികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. സംഘത്തിൽനിന്ന് നിരവധി മോഷ്ടിച്ച വാഹനങ്ങളും വിവിധ സ്പെയർ പാർട്സുകളും കണ്ടെത്തി.
വാഹന മോഷണത്തിൽ വൈദഗ്ധ്യം നേടിയ സംഘത്തെ കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് ഡിറ്റക്ടീവുകൾ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ രഹസ്യമായി നിരീക്ഷിച്ച അന്വേഷണസംഘം രക്ഷപ്പെടാൻ പഴുതുനൽകാതെ പിടികൂടുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ സംഘം പ്രധാനമായും രാത്രി വൈകിയാണ് പ്രവർത്തിച്ചിരുന്നത് എന്നും തെളിഞ്ഞു.
പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും ആവശ്യമായ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമ ലംഘകരെ കർശനമായി നേരിടുമെന്നും രാജ്യസുരക്ഷക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.
സുരക്ഷ സേനയുമായി സഹകരിക്കാനും സംശയാസ്പദമായ പെരുമാറ്റമോ പ്രവർത്തനങ്ങളോ റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

