ലോകോത്തര വിനോദങ്ങളുമായി ‘സിക്സ് ഫ്ലാഗ്സ്’ പാർക്ക് തുറന്നു
text_fieldsഖിദ്ദിയ സിറ്റിയിൽ ‘സിക്സ് ഫ്ലാഗ്സ്’ പാർക്ക് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം ചെയ്തപ്പോൾ
റിയാദ്: സൗദിയിലെ ആദ്യത്തെ പ്രധാന വിനോദകേന്ദ്രമായ ഖിദ്ദിയ സിറ്റിയിൽ ലോകോത്തര വിനോദങ്ങളുമായി ‘സിക്സ് ഫ്ലാഗ്സ്’ തീം പാർക്ക് പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നുകൊടുത്തു. വടക്കേ അമേരിക്കക്ക് പുറത്തെ ആദ്യ സിക്സ് ഫ്ലാഗ്സ് തീം പാർക്കാണിത്. ആറ് വ്യത്യസ്ത ഇടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 28 റൈഡുകളാണ് ഇവിടെയുള്ളത്. ഓരോന്നിനും അതിന്റേതായ സവിശേഷ സ്വഭാവമുണ്ട്.
പാർക്കിൽ നടന്ന ചടങ്ങിൽ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം നിർവഹിച്ചു. ഖിദ്ദിയ സിറ്റിയുടെ ആദ്യ ഫലങ്ങളെയാണ് ഇത് പ്രതിനിധീകരിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. അവിടെ പ്രവർത്തിക്കുന്നവർക്ക് അദ്ദേഹം വിജയം ആശംസിച്ചു. ഉദ്ഘാടന ചടങ്ങിൽ ആവേശം, സർഗാത്മകത, നവീകരണം എന്നിവയുടെ ചൈതന്യം ഉൾക്കൊള്ളുന്ന വെടിക്കെട്ട്, ഡ്രോണുകൾ, വിഷ്വൽ ഇഫക്റ്റുകൾ എന്നിവയുടെ മനോഹരമായ പ്രദർശനം നടന്നു.
ഖിദ്ദിയയിലെ ആദ്യത്തെ ആകർഷണ കേന്ദ്രമായ സിക്സ് ഫ്ലാഗ്സിെൻറ ഉദ്ഘാടനം പദ്ധതിയുടെ യാത്രയിലെ ഒരു നിർണായക നിമിഷമാണെന്നും വിനോദം, കായികം, സംസ്കാരം എന്നിവയുടെ ആഗോള തലസ്ഥാനമെന്ന നിലയിൽ ഖിദ്ദിയയുടെ സ്ഥാനം ഉറപ്പിക്കുന്ന അതുല്യമായ അനുഭവങ്ങളുടെ തുടക്കമാണെന്നും ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുല്ല അൽദാവൂദ് ഉദ്ഘാടനവേളയിൽ പറഞ്ഞു.
അഭിമാനത്തോടും ബഹുമാനത്തോടും കൂടി ‘കളിയുടെ ശക്തി’ എന്ന ആശയം ഉൾക്കൊള്ളുകയും ആധുനിക ജീവിതശൈലിയെ പുനർനിർവചിക്കുകയും ചെയ്യുന്ന ആദ്യത്തെ ഖിദ്ദിയ ആകർഷണ കേന്ദ്രമായ സിക്സ് ഫ്ലാഗ്സിന്റെ ഉദ്ഘാടനം ഞങ്ങൾ ആഘോഷിക്കുന്നുവെന്നും അൽദാവൂദ് കൂട്ടിച്ചേർത്തു.
തീം പാർക്കിന്റെ ലോകം ആസ്വദിക്കുന്നതിനായി പൊതുജനങ്ങൾക്കായി ഖിദ്ദിയ അതിന്റെ വാതിലുകൾ ചൊവ്വാഴ്ചയാണ് തുറന്നത്. റിയാദ് നഗരത്തിന്റെ പ്രധാന സമ്പത്തുകളിൽ ഒന്നായി ഖിദ്ദിയ സിറ്റി മാറുകയാണ്. 1971ൽ സ്ഥാപിതമായതിനുശേഷം സിക്സ് ഫ്ലാഗ്സ് കമ്പനിയുടെ വടക്കേ അമേരിക്കക്ക് പുറത്തുള്ള ഏക സാന്നിധ്യം എന്ന സവിശേഷത ഇതോടെ സൗദിക്ക് സ്വന്തമായി.
പാർക്കിൽ ആറ് സ്വതന്ത്ര ലോകങ്ങളാണ് ഉള്ളത്. ഓരോന്നിനും അതിന്റെതായ ആഖ്യാനവും ദൃശ്യസ്വഭാവവും അനുഭവങ്ങളുമുണ്ട്. പാർക്കിന്റെ ഡിസൈൻ സവിശേഷമാണ്. മിഡിൽ ഈസ്റ്റിലെ അമ്യൂസ്‌മെന്റ് പാർക്കുകൾക്ക് ഇത് പുതിയ മാതൃകയായി മാറും. ‘പവർ ഓഫ് പ്ലേ’ എന്ന ആശയത്തിൽ പൂർണമായും നിർമിച്ച ആദ്യത്തെ ആഗോള ലക്ഷ്യസ്ഥാനമാണ് ഖിദ്ദിയ. റിയാദിൽനിന്ന് 40 മിനിറ്റ് അകലെ തുവൈഖ് പർവതനിരകളുടെ ഹൃദയഭാഗത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഊർജ്ജസ്വലമായ ഈ നഗരം വിനോദം, കായികം, സംസ്കാരം എന്നിവയെ അഭൂതപൂർവമായ ആഗോള അനുഭവങ്ങൾ സംയോജിപ്പിക്കുന്നു.
ഒരു ദിവസം ഏകദേശം 10,000 സന്ദർശകരെ സ്വീകരിക്കുന്ന തരത്തിലാണ് സിക്സ് ഫ്ലാഗ്സ് പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. 2026 ആകുമ്പോഴേക്കും പാർക്കിലേക്കുള്ള സന്ദർശകരുടെ എണ്ണം 20 ലക്ഷം കവിയുമെന്ന് പ്രതീക്ഷിക്കുന്നു. സൗദിക്കകത്തും പുറത്തുമുള്ള കുടുംബങ്ങൾക്കും വ്യക്തികൾക്കും സാഹസിക പ്രേമികൾക്കും ലോകോത്തര നിലവാരത്തിലുള്ള, റെക്കോഡ് റൈഡുകളും ആകർഷണങ്ങളും ഉൾപ്പെടെ 28 റൈഡുകളും അനുഭവങ്ങളും ഉൾക്കൊള്ളുന്ന ഈ പാർക്ക് വിനോദത്തിന്റെയും ആവേശത്തിന്റെയും പുതിയ തലങ്ങൾ പ്രദാനം ചെയ്യുന്നു. ഖിദ്ദിയയിലെ രണ്ടാമത്തെ പ്രധാന ആകർഷമായ ‘അക്വാറിബിയ’ വാട്ടർ തീം പാർക്കിന്റെ 95 ശതമാനം നിർമാണം പൂർത്തിയായിട്ടുണ്ട്. ഇത് അടുത്ത വർഷം തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

